പ്രവാസിക്ക് മടങ്ങണം; ടിക്കറ്റ് കൊള്ളയുമായി വിമാനക്കമ്പനികൾ

Friday 05 August 2022 12:30 AM IST

മലപ്പുറം: ആഗസ്റ്റ് 20 മുതൽ സെപ്തംബർ ആദ്യവാരം വരെ ഗൾഫ് യാത്രക്കാർ വർദ്ധിക്കുമെന്നത് മുതലെടുത്ത് ടിക്കറ്റിന് കൊള്ളവില ഈടാക്കാനൊരുങ്ങി വിമാനക്കമ്പനികൾ. ഈ ആഴ്ച കേരളത്തിൽ നിന്ന് ദുബായിലേക്ക് 18,​000 രൂപയാണ് എയർഇന്ത്യ എക്സ്‌പ്രസിലെ ടിക്കറ്റ് നിരക്ക്. സാധാരണ 10,000 രൂപയ്ക്കുള്ളിൽ മതി. ആഗസ്റ്റ് അവസാനത്തിൽ 35,​000 നൽകണം. വിദേശ വിമാനങ്ങളിൽ 40,​000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് വില. മറ്റ് ഗൾഫ് രാജ്യങ്ങളിലും സമാന സ്ഥിതിയാണ്. വൻകിട ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്നുണ്ട്. സീറ്റില്ലാത്തതിനാൽ കണക്ടിംഗ് വിമാനങ്ങളിലും തിരക്കേറിയിട്ടുണ്ട്.

 തിരിച്ചുപോകാൻ കടം വാങ്ങേണ്ട ഗതികേടിൽ

കൊവിഡ് പ്രതിസന്ധിയും സീസൺ കൊള്ളയും മൂലം നാലുവർഷത്തിന് ശേഷമാണ് വണ്ടൂർ സ്വദേശി രാജേഷിന്റെ നാലംഗ കുടുംബം നാട്ടിലേക്ക് തിരിച്ചത്. നാലാൾക്കും കൂടി ടിക്കറ്റിന് ഒന്നരലക്ഷം രൂപയായി. ആഗസ്റ്റ് 28ന് സ്കൂൾ തുറക്കും മുമ്പേ തിരിച്ചെത്തണം.നാലുപേർക്ക് എയർഇന്ത്യ എക്സ്‌പ്രസിൽ ടിക്കറ്റിന് 1.40 ലക്ഷവും വിദേശ വിമാനക്കമ്പനികളിൽ ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലുമാണ്. എങ്ങനെ തിരിച്ചുപോകുമെന്ന ആധിയിലാണ് രാജേഷ്.

എയർഇന്ത്യ എക്സ്‌പ്രസിലെ നിരക്ക് (ആഗസ്റ്റ് 20 മുതൽ )​

 കണ്ണൂർ - ബഹ്റൈൻ: 32,​000

 ബഹ്റൈൻ - കണ്ണൂർ: 18,​000

 കോഴിക്കോട്- അബുദാബി: 29,​200

 അബുദാബി- കോഴിക്കോട്: 8,400

 കോഴിക്കോട്- റിയാദ്: 30,​400

 റിയാദ്- കോഴിക്കോട്: 14,​500

 കോഴിക്കോട്- ജിദ്ദ: 29,000

 ജിദ്ദ- കോഴിക്കോട്-: 17,​000

 കൊച്ചി- ദോഹ: 44,​600

 ദോഹ- കൊച്ചി: 15,​200

 കൊച്ചി-അബുദാബി: 39,​000

 അബുദാബി- കൊച്ചി: 9,​700

 തിരുവനന്തപുരം- മസ്‌കറ്റ്: 19,​000

 മസ്‌കറ്റ്- തിരുവനന്തപുരം: 8,800

 തിരുവനന്തപുരം- ഷാർജ: 35,​000

 ഷാർജ- തിരുവനന്തപുരം: 12,​700