ചാലക്കുടിയിൽ സ്ഥിതി നിയന്ത്രണവിധേയം, മഴ കുറഞ്ഞത് ആശ്വാസം നൽകുന്നു; ജാഗ്രത തുടരണമെന്ന് റവന്യുമന്ത്രി

Friday 05 August 2022 8:23 AM IST

തൃശൂർ: ചാലക്കുടിയിൽ സ്ഥിതി നിയന്ത്രണവിധേയമെന്ന് റവന്യുമന്ത്രി കെ രാജൻ. ചാലക്കുടിപ്പുഴയിൽ അപകടനിലയിലേക്ക് ജലനിരപ്പുയർന്നിട്ടില്ല. 7.27 മീറ്ററാണ് നിലവിലെ ജലനിരപ്പ്. അപകടനില 8.10 മീറ്ററാണ്. ചാലക്കുടിയിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്തും മഴ കുറഞ്ഞു. എങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി അറിയിച്ചു.

' പെരിങ്ങൽക്കുത്തിലെ ജലനിരപ്പും നിയന്ത്രണവിധേയമാണ്. നിലവിൽ 420.85 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാത്രി മഴ പെയ്യാത്തത് ആശ്വാസം നൽകുന്നു. എല്ലാ അർത്ഥത്തിലും സംസ്ഥാനം സജ്ജമാണ്. ചാലക്കുടി പുഴ ഒഴുകുന്ന പ്രദേശങ്ങളിൽ ജാഗ്രത തുടരുന്നു. പുത്തൻവേലിക്കര, കുന്നുകര ഭാഗത്ത് നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ജനങ്ങൾ പുഴകളിലേക്ക് പോകുന്നത് ഒഴിവാക്കണം.'- മന്ത്രി മുന്നറിയിപ്പ് നൽകി.

അതേസമയം, മലമ്പുഴ അണക്കെട്ട് രാവിലെ തുറക്കില്ലെന്ന് മന്ത്രി അറിയിച്ചു. മഴ ശക്തി പ്രാപിച്ചാൽ മാത്രമേ ഡാം തുറക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ചാലക്കുടിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.