വനിതാ കൗൺസിലർമാരുടെ ഏറ്റുമുട്ടൽ: രണ്ടു പേർക്കെതിരെ വധശ്രമക്കേസ്

Saturday 06 August 2022 1:51 AM IST

മൂവാറ്റുപുഴ: നഗരസഭാ ഓഫീസിൽ കോൺഗ്രസ് വനിതാ കൗൺസിലർമാർ ഏറ്റുമുട്ടിയ സംഭവത്തിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഉൾപ്പെടെ രണ്ട് വനിതകൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വൈസ് ചെയർപേഴ്സൺ സിനി ബിജു, കോൺഗ്രസ് അംഗം 14-ാം വാർഡ് കൗൺസിലർ ജോയ്സ് മേരി ആന്റണി എന്നിവർക്കെതിരെയാണ് കേസ്. ജ്യാമ്യമില്ല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഡിസ്ചാർജ്ജായാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

കോൺഗ്രസ് കൗൺസിലർ പ്രമീള ഗിരീഷ് കുമാറിനെ ആക്രമിച്ച കേസിലാണ് നടപടി. ജോയ്സ് മേരിയുടെ പരാതിയിൽ പ്രമീള ഗിരീഷ് കുമാറിനെതിരെ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുത്തി മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് നഗരസഭാ ഓഫീസിൽ പ്രതിഷേധിച്ച് അ‌ഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പി.ഡി.പി.പി ആക്ട് അനുസരിച്ച് കേസെടുത്തു. ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും അഞ്ചുപേർക്കും ജാമ്യം ലഭിച്ചു. പ്രതിഷേധത്തിനിടെ സംഘം മുനിസിപ്പൽ ഓഫീസിലെ കസേരകളും മറ്റും തകർത്ത ഇനത്തിൽ 2700രൂപയുടെ നഷ്ടം ഉണ്ടായതായി കോടതിക്ക് പൊലീസ് നൽകിയ റിപ്പോർട്ടിലുണ്ട്.

ഇതിനുപുറമെ നഗരസഭാ ഓഫീസിൽ പ്രതിഷേധം സംഘടിപ്പിച്ച സി.പി.ഐ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് കോൺഗ്രസ് വനിത കൗൺസിലർമാർ നഗരസഭ ഓഫീസിൽ ഏറ്റുമുട്ടിയത്. അടച്ചിട്ട മുറിയാലായിരുന്നു സംഭവം . ബഹളം കേട്ട് മറ്റ് കൗൺസിലർമാരും ജീവനക്കാരും ഓടിയെത്തിയതോടെയാണ് വാതിൽ തുറന്നത്. അപ്പോഴേക്കും രക്തം വാർന്ന നിലയിൽ പ്രമീള ഗിരിഷാകുമാർ കുഴ‌ഞ്ഞു വീണിരുന്നു. ശരീരം ആസകലം മർദ്ദനമേറ്റപാടും കൈവിരലിൽ മുറിവും ഉണ്ടായിരുന്നു. മുടിയുടെ ഏതാനം ഭാഗം മുറിച്ചനിലയിൽ കണ്ടെത്തി. പൂട്ടിയിട്ട മുറിയിൽ നടന്ന സംഭവങ്ങൾക്ക് ദൃക് സാക്ഷികൾ ഇല്ല. പരിക്കേറ്റവരുടെ മൊഴിയും പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇരുകൂട്ടർക്കുമെതിരെ കേസെടുത്തത്.

Advertisement
Advertisement