ശ്രീശങ്കറും ബഹാമാസ് താരവും ചാടിയത് ഒരേ ദൂരം, എന്നിട്ടും മലയാളി താരത്തിന് സ്വർണം നഷ്ടമായത് അധികൃതർക്ക് സംഭവിച്ച പിഴവോ?

Friday 05 August 2022 7:31 PM IST

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് ലോംഗ്‌ജമ്പിൽ ചരിത്രനേട്ടത്തോടെയാണ് മലയാളി താരമായ എം ശ്രീശങ്കർ വെള്ളിമെഡൽ സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസ് ലോംഗ്‌ജമ്പിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ കായികതാരമാണ് ശ്രീശങ്കർ. സ്വർണം നേടിയ ബഹാമാസിന്റെ ലാക്വാൻ നെയ്റനും ശ്രീശങ്കറും ചാടിയ ദൂരം ഒന്നായിരുന്നു. 8.08 മീറ്റർ ദൂരം ആയിരുന്നു ഇരുവരും ചാടിയത്. ഇരുവരും സമാന ദൂരം കീഴടക്കിയതിനാൽ ഏറ്റവും മികച്ച രണ്ടാമത്തെ ദൂരം ചാടിയ താരം എന്ന നിലയ്ക്കാണ് നെയ്റന് സ്വർണം നൽകാൻ അധികൃതർ തീരുമാനിക്കുന്നത്. നെയ്റന്റെ രണ്ടാമത്തെ മികച്ച ദൂരം 7.98മീറ്ററും ശ്രീശങ്കറിന്റേത് 7.84 മീറ്ററുമായിരുന്നു.

ശ്രീശങ്കർ ചാടിയ നാലാമത്തെയും ആറാമത്തെയും ചാട്ടം ഫൗൾ ആയിരുന്നു. എന്നാൽ ശ്രീശങ്കറിന്റെ നാലാമത്തെ ചാട്ടം ടെലിവിഷൻ റീപ്ളേകളിൽ ഫൗൾ അല്ലെന്ന പ്രതീതിയാണ് ഉയ‌ർത്തിയത്. ഈ ചാട്ടം 8.30 മീറ്ററിന് അടുത്ത് ഉണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്. ചാട്ടം ഫൗൾ ആണെന്ന് കൂട്ടിയതിനാൽ ഈ ദൂരം അളന്നിരുന്നില്ല. എന്നാൽ ടെലിവിഷനിൽ ശ്രീശങ്കറിന്റെ ചാട്ടത്തിൽ പിഴവുകൾ കണ്ടെത്താൻ സാധിക്കാത്തതിനാൽ ഫൗൾ വിളിച്ചത് അധികൃതരുടെ പിഴവ് ആണെന്നായിരുന്നു ഇന്ത്യൻ ആരാധകരുടെ നിഗമനം.

എന്നാൽ ലോംഗ്‌ജമ്പിൽ അടുത്തിടെ അവതരിപ്പിച്ച പുതിയ സാങ്കേതിക വിദ്യയാണ് ശ്രീശങ്കറിന് വിനയായതെന്നതാണ് സത്യം. ഇത്രയും കാലം ജമ്പിംഗ് ബോ‌‌‌ർഡിന് അടുത്തിരിക്കുന്ന ഒഫിഷ്യലാണ് ചാട്ടം ഫൗൾ ആണോ അല്ലയോ എന്ന് തീരുമാനിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മാർച്ചിൽ അവതരിപ്പിച്ച ലേസർ ബോർഡിൽ ഒരു മില്ലിമീറ്റർ വ്യത്യാസം പോലും ജമ്പിംഗ് പിറ്റിൽ വന്നാൽ ഫൗൾ ആയി കണക്കാക്കപ്പെടും. ഇങ്ങനെയാണ് ശ്രീശങ്കറിന്റെ ചാട്ടം ഫൗൾ ആയത്.

ഫൗള്‍ വിളിച്ച ശ്രീശങ്കറിന്‍റെ ചാട്ടം 8.30 മീറ്ററിന് അടുത്തായിരുന്നുവെന്നാണ് നിഗമനം. ഇന്നലെ ലോംഗ് ജംപ് മത്സരത്തില്‍ ശ്രീശങ്കറിന്‍റെ ആറാമത്തെ ചാട്ടവും ഫൗള്‍ ആയിരുന്നു. ഒടുവില്‍ അഞ്ചാം ശ്രമത്തില്‍ ശ്രീശങ്കര്‍ ചാടിയ 8.08 മീറ്റര്‍ ദൂരമാണ് മലയാളി താരത്തിന് വെള്ളി സമ്മാനിച്ചത്. ഇതേദൂരം താണ്ടിയ ബഹമാസിന്‍റെ ലാക്വാൻ നെയ്റന്‍ സ്വര്‍ണം നേടി. മികച്ച രണ്ടാമത്തെ ദൂരമായ 7.98 മീറ്റര്‍ ചാടിയതാണ് നെയ്റന് സ്വര്‍ണം സമ്മാനിച്ചത്. ശ്രീശങ്കറിന്‍റെ മികച്ച രണ്ടാമത്തെ ദൂരം 7.84 മീറ്ററായിരുന്നു. ലേസർ ബീം സാങ്കേതിക വിദ്യ അവതരിപ്പിച്ചപ്പോൾ തന്നെ നിരവധി അത്‌ലറ്റുകൾ ഇതിനെതിരെ പ്രതികരിച്ചിരുന്നു. അവർ അന്ന് നടന്നേക്കാമെന്ന് പറഞ്ഞ സാഹചര്യങ്ങളിൽ ഒന്നാണ് ഇന്നലെ ശ്രീശങ്കറിന് സംഭവിച്ചത്.