ഐ.എ.എസ് തലപ്പത്ത് വീണ്ടും മാറ്റം: ജ്യോതിലാലിന് അച്ചടി വകുപ്പും

Saturday 06 August 2022 12:36 AM IST

■രാജു നാരായണ സ്വാമിക്ക് പാർലമെന്ററി കാര്യം മാത്രം

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് വീണ്ടും മാറ്റം വരുത്തിയ സർക്കാർ, പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറിയും സൈനിക ക്ഷേമവും വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന രാജു നാരായണസ്വാമിയെ നീക്കി . കെ.ആർ. ജ്യോതിലാലിന് ഈ വകുപ്പുകളുടെ അധികച്ചുമതല നൽകി.

മുഖ്യമന്ത്രിയുടെ കീഴിലാണ് ഈ വകുപ്പുകൾ. മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് ജ്യോതിലാൽ. രാജു നാരായണസ്വാമിക്ക് ഇതോടെ പാർലമെന്ററി കാര്യ വകുപ്പിന്റെ ചുമതല മാത്രമായി. ഏറെ പ്രധാനപ്പെട്ട പൊതുഭരണ, ഗതാഗത വകുപ്പുകളുടെ ചുമതല ജ്യോതിലാലിനാണ്.

തന്റെ അഡിഷണൽ പ്രൈവറ്ര് സെക്രട്ടറിയായി ഹരി എസ്. കർത്തായെ നിയമിച്ചതിനെതിരെ പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ രാജ്ഭവന് ക്വറി അയച്ചതിൽ പ്രകോപിതനായി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നയപ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കാതെ സർക്കാരിനെ മുൾമുനയിൽ നിറുത്തിയിരുന്നു. പൊതുഭരണ വകുപ്പിൽ നിന്ന് ജ്യോതിലാലിനെ നീക്കിയ ശേഷമാണ് ഗവർണർ ഒപ്പുവച്ചത്. എന്നാൽ അധികം വൈകാതെ ജ്യോതിലാലിനെ പൊതുഭരണ വകുപ്പിലേക്ക് സർക്കാർ തിരിച്ചെത്തിച്ചു. പുതിയ രണ്ട് വകുപ്പുകൾ കൂടിയാവുമ്പോൾ ജ്യോതിലാലിന് ചുമതലാഭാരമേറും.

ഐ.എ.എസുകാരുടെ സ്ഥലംമാറ്റവും നിയമനവും മന്ത്രിസഭയിൽ ചർച്ച ചെയ്ത് നടപ്പാക്കണമെന്ന് കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ സി.പി.ഐ മന്ത്രിമാർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ്, ഇന്നലെ രാജുനാരായണസ്വാമിയെ മാറ്റി ജ്യോതിലാലിനെ ചുമതലയേല്പിച്ചത്. വകുപ്പു മന്ത്രിയായ താനറിയാതെ സപ്ലൈകോ ജനറൽമാനേജരായി ശ്രീറാം വെങ്കട്ടരാമനെ നിയമിച്ചതിനെതിരെ മുഖ്യമന്ത്രിക്ക് മന്ത്രി ജി.ആർ. അനിൽ നൽകിയ കത്ത് മാദ്ധ്യമ വാർത്തയായതിന്റെ പേരിൽ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ ക്ഷുഭിതനായിരുന്നു.

Advertisement
Advertisement