സ്വർണക്കടത്ത് സംഘത്തിന്റെ തട്ടിക്കൊണ്ടുപോകൽ: മരിച്ചത് ദീപക്കല്ല, ഇർഷാദ് ,​ കണ്ടെത്തിയത് ഡി.എൻ.എ പരിശോധനയിൽ

Saturday 06 August 2022 12:41 AM IST
irshad

കോഴിക്കോട്: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയശേഷം കടപ്പുറത്ത് കണ്ടെത്തി സംസ്കരിച്ച മൃതദേഹം മേപ്പയൂർ സ്വദേശി ദീപക്കിന്റേതല്ലെന്നും പന്തിരിക്കര സ്വദേശി കോഴിക്കുന്നുമ്മൽ ഇർഷാദിന്റേതാണെന്നും (26) പൊലീസ് നടത്തിയ ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചു.

ജൂലായ് 17ന് തിക്കോടി കോടിക്കൽ കടപ്പുറത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇത് ജൂൺ ആറിന് കാണാതായ മേപ്പയൂർ കൂനം വെള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപക്കിന്റെ മൃതദേഹമെന്നു കരുതിയാണ് വീട്ടുകാർ ഏറ്റുവാങ്ങി സംസ്‌കരിച്ചത്. എന്നാൽ, ചില ബന്ധുക്കൾ സംശയം പ്രകടപ്പിച്ചതിനെത്തുടർന്നാണ് ഇരുവരുടേയും ഡി.എൻ.എ പരിശോധന നടത്തിയതെന്ന് റൂറൽ എസ്.പി. ആർ.കറുപ്പസാമി പറഞ്ഞു.

ജൂലായ് ആറുമുതൽ ഇർഷാദിനെ കാണാനില്ലെന്നും സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്നും കാട്ടി ബന്ധുക്കൾ പിന്നീട് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ദുബായിലായിരുന്ന ഇർഷാദ് മേയ് 14നാണ് നാട്ടിലെത്തിയത്.

തട്ടിക്കൊണ്ടുപോകൽ കേസിൽ കൊലപാതക്കുറ്റം കൂടി ചുമത്തും. പെരുവണ്ണാമുഴിയിൽ നിന്ന് സ്വർണക്കടത്ത് സംഘം ജൂലായ് ആറിനാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് വൈത്തിരി സ്വദേശി ഷെഹീൽ, കൽപ്പറ്റ സ്വദേശി ജിനാഫ്, സജീർ, മുർഷിദ് എന്നിവർ അറസ്റ്റിലായിരുന്നു. ജൂലായ് 16ന് ഇർ‌ഷാദ് പുറക്കാട്ടിരി പാലത്തിൽ നിന്ന് കടലിന് സമീപത്തെ പുഴയിൽ ചാടിയെന്നായിരുന്നു ഇവരുടെ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

ഇർഷാദ് ദുബായിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയപ്പോൾ കൊടുത്തുവിട്ട സ്വർണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് സംഘത്തിലെ നാസർ എന്നയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഷമീർ എന്നയാൾക്ക് സ്വർണം കൈമാറിയെന്ന് ഇർഷാദ് പറഞ്ഞിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കി. പൊലീസിൽ പരാതി നൽകാൻ വൈകിയത് ഭയംകൊണ്ടാണ്. തട്ടിക്കൊണ്ടുപോയ ഇർഷാദിന്റെ കൈകൾ കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ലഭിച്ചതോടെയാണ് പരാതി നൽകിയത്. അതേസമയം, ഇർഷാദിന്റേത് മുങ്ങിമരണമെന്ന് കരുതുന്നില്ലെന്നും മകന് നീന്തൽ അറിയാമായിരുന്നെന്നും പിതാവ് നാസർ പറഞ്ഞു.

ദീപക്കിനായി അന്വേഷണം

കാണാതായ ദീപക്കിനു വേണ്ടിയുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്. ദീപക്കിനെ എത്രയുംവേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാവ് ശ്രീലത റൂറൽ എസ്.പിക്ക് പരാതി നൽകി. ഇടയ്ക്ക് വീടു വിട്ടുപോകുന്ന സ്വഭാവമുള്ളതിനാൽ ഒരുമാസത്തിനുശേഷം ജൂലായ് ഒമ്പതിനാണ് ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ മേപ്പയൂർ പൊലീസിൽ പരാതി നൽകിയത്. ഗൾഫിലായിരുന്ന ദീപക് ഒരു വർഷമായി നാട്ടിലെത്തിയിട്ട്. എറണാകുളത്ത് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എറണാകുളത്ത് പോയ ദീപക്കിന്റെ മൃതദേഹം തിക്കോടിയിൽ എങ്ങനെ കണ്ടെത്തിയെന്ന ബന്ധുക്കളുടെ സംശയമാണ് ഡി.എൻ.എ പരിശോധനയ്ക്ക് കാരണമായത്.

Advertisement
Advertisement