സാലറി ചലഞ്ചിലൂടെ ഉൾപ്പെടെ സമാഹരിച്ച തുക,​ പ്രളയാശ്വാസം പകരാതെ 772 കോടി നിധിയിൽ

Friday 05 August 2022 11:02 PM IST

തിരുവനന്തപുരം: സംസ്ഥാനം മറ്റൊരു പ്രളയ സമാന സാഹചര്യം നേരിടുമ്പോൾ കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നും സാലറി ചലഞ്ചിലൂടെയും മറ്റും സമാഹരിച്ച 4912.45 കോടിയിൽ ഇനിയും ചെലവിടാതെ 772.38 കോടി രൂപ.

ദുരന്ത സഹായമടക്കം നൽകാനുണ്ടെന്ന ഒട്ടേറെ പരാതികൾ നിലനിൽക്കുമ്പോഴാണ് ഇത്രയും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കിടക്കുന്നത്. 2018, 20​19 പ്രളയകാലത്ത് 31,​000 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് സർക്കാർ കണക്ക്.

കെയർഹോം പദ്ധതിക്കായി സഹകരണവകുപ്പിൽ നിന്ന് ലഭിച്ച 52.69 കോടി മാത്രമാണ് മുഴുവൻ ചെലവഴിച്ചത്. റീബിൽഡ് കേരളയ്ക്കുൾപ്പെടെയാണ് ദുരിതാശ്വാസനിധിയിലേക്ക് 2018 ജൂലായ് 27 മുതൽ 2020 മാർച്ച് മൂന്നുവരെ ധനസഹായം സ്വീകരിച്ചത്.

റീബിൽഡ് കേരളയ്ക്കായി ലോക ബാങ്കിൽ നിന്നടക്കം ധനസഹാവും തേടിയിരുന്നു. വാഗ്ദാനം ചെയ്ത 5000 കോടിയിൽ ലോകബാങ്ക് ആദ്യഗഡുവായ 1780 കോടി നൽകി. എന്നാൽ,​ ഇത് ജീവനക്കാർക്ക് ശമ്പളം നൽകാൻ വകമാറ്റിയെന്ന പ്രതിപക്ഷ ആരോപണം നിയമസഭയെ ചൂടുപിടിപ്പിച്ചിരുന്നു. ഏറ്റെടുത്ത പദ്ധതികളുടെ പ്രോജക്ട് പൂർത്തീകരണ റിപ്പോർട്ട് കൈമാറുന്ന മുറയ്ക്ക് രണ്ടാം ഗഡു നൽകാമെന്ന് ലോകബാങ്ക് അറിയിച്ചിരുന്നു. റിപ്പോർട്ട് നൽകാത്തതിനാൽ തുക കിട്ടിയില്ല.

സമാഹരിച്ച തുക

(കോടിയിൽ)

പൊതുജനം.........................................................................230.93

സർക്കാർ പൊതുസ്ഥാപനങ്ങൾ, പെൻഷൻകാർ.........2,​865.4

ജീവനക്കാരുടെ സാലറി ചലഞ്ച്..................................... 1,​229.89

ഉത്സവബത്ത........................................................................ 117.69

സഹകരണവകുപ്പ്................................................................ 52.69

മദ്യവില്പനയിലെ അധികനികുതി....................................... 308.68

സംസ്ഥാന ദുരന്തനിവാരണ വിഹിതം............................ 107.17

ആകെ.......... 4912.45

ചെലവിട്ടത്

(കോടിയിൽ)

സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക്..................................... 2,​356.46

ഇത്തരക്കാർക്ക് ട്രഷറി

അക്കൗണ്ടിൽ നിന്ന് പ്രത്യേകം.........................................135.85

കുടുംബത്തിന് (6200രൂപ വീതം)

അടിയന്തര സഹായം......................................................... 457.58

കുടുംബശ്രീ......................................................................... 336.19

പുനർഗേഹം........................................................................250

തദ്ദേശറോഡ് നിർമ്മാണം.................................................224.34

കൃഷിവകുപ്പ് മുഖേന കർഷകർക്ക്.................................... 85.6

സൗജന്യ കിറ്റ്....................................................................... 54.46

അരി....................................................................................... 9.4

കർഷകർക്ക്..........................................................................54

കെയർഹോം പ്രോജക്ട്...................................................... 52.69

കെ.എസ്.എഫ്.ഇ ഷെൽട്ടർഹോം....................................35.99

സപ്ലൈകോ........................................................................ 30.46

ചെറുകിട വ്യാപാരികൾക്ക്...............................................20.96

മരിച്ചവരുടെ ആശ്രിതർക്കും കരാർ

എൻജിനിയർമാരുടെ ശമ്പളത്തിനും........................... 20.28

വ്യാപാരി ക്ഷേമനിധി......................................................... 5.4

മരുന്ന്................................................................................. 2.87

ടെക്സ്റ്റ്ബുക്കുകളുടെ നഷ്ടത്തിന്...................................47ലക്ഷം

വീട് നഷ്ടപ്പെട്ടവർക്ക് അധികധനം................................... 10ലക്ഷം

മത്സ്യബന്ധനവകുപ്പിന്.................................................... 7ലക്ഷം

ആകെ.......... 4140.07

കസ്റ്റോഡിയൻ

ധനസെക്രട്ടറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് തുക അനുവദിക്കുന്നത് ധനകാര്യ അഡി. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ. നടത്തിപ്പ്ചുമതല റവന്യു ദുരന്തനിവാരണ വകുപ്പിന്. ധനസെക്രട്ടറിയുടെ ഇഷ്ടത്തിനനുസരിച്ച് തുക കൈകാര്യം ചെയ്യാനാവില്ല.

കൊവിഡിന് 100 കോടി

അധികം ചെലവാക്കി

കൊവിഡ്കാല ദുരിതാശ്വാസത്തിന് ഈ മാസം അഞ്ചുവരെയുള്ള കണക്കിൽ സമാഹരിച്ചതിനെക്കാൾ നൂറുകോടിയിലധികം ചെലവിട്ടു. സമാഹരിച്ചത് 831.67കോടി. ചെലവിട്ടത് 941.07കോടി.