മുല്ലപ്പെരിയാർ ഡാമും മലമ്പുഴയും തുറന്നു, നദീതീരങ്ങളിൽ ജാഗ്രത, ഇന്നലെ തുറന്നത് 23 ഡാമുകൾ

Saturday 06 August 2022 12:00 AM IST

തിരുവനന്തപുരം/ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇന്നലെ മുല്ലപ്പെരിയാർ, മലമ്പുഴ, തെന്മല പരപ്പാർ ഉൾപ്പെടെ ചെറുതും വലുതുമായ 23 ഡാമുകൾ കൂടി തുറന്നു. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്. വ്യാഴാഴ്ച 27 ഡാമുകൾ തുറന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്തിരുന്ന മഴയ്ക്ക് അല്പം ശമനമായി. വടക്കൻ ജില്ലകളിലാണ് ഒറ്റപ്പെട്ട മഴ പെയ്യുന്നത്. ഇന്ന് ഒരിടത്തും റെഡ് അലർട്ടില്ല.

മുല്ലപ്പെരിയാറിൽ ആകെയുള്ള 13 സ്പിൽവേ ഷട്ടറുകളിൽ മൂന്നുതവണയായി 10 ഷട്ടറുകളാണ് തമിഴ്നാട് തുറന്നത്. 30 സെ.മീറ്റർ വീതം തുറന്ന് സെക്കൻഡിൽ 2141 ഘനയടി ജലമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. പെരിയാറിൽ രണ്ടടി വരെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. സെക്കൻഡിൽ ആറായിരം ഘനയടി വെള്ളം പുറത്തേക്കൊഴുക്കുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറൂവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഡാമിൽ നിലവിലെ റൂൾലെവലായ 137.5 അടിയിൽ ജലനിരപ്പ് എത്തിയതോടെയാണ് ഷട്ടറുകൾ തുറന്നത്. തെന്മല പരപ്പാർ ഡാമിൽ മൂന്ന് ഷട്ടറുകളും 10 സെന്റി മീറ്റർ വീതം തുറന്നതോടെ കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നു. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ 10 സെ.മീറ്റർ വീതം തുറന്നു.

ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി ഏഴോടെ ജലനിരപ്പ് 2381.53 അടി പിന്നിട്ടതോടെയാണ് രണ്ടാംഘട്ട മുന്നറിയിപ്പ് നൽകിയത്. 2382.53 അടിയെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഇന്നലെ പകൽ മഴ പെയ്യാതിരുന്നതോടെ ചാലക്കുടിയിൽ വെള്ളപ്പൊക്ക ഭീഷണിക്ക് താത്കാലിക ശമനമായി. അതേസമയം പെരിങ്ങൽക്കുത്ത് ഉൾപ്പെടെയുള്ള ഡാമുകളിലെ വെള്ളം ചാലക്കുടിപ്പുഴയിലെത്തിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി.

മരണം 20

പത്തനാപുരത്ത് കുഴിവേലിൽ കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തിയതോടെ ആറുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 20 ആയി. പിടവൂർ കൊണ്ടൂർ വീട്ടിൽ ജനാർദ്ദനൻ പിള്ള ​- രാധാമണിഅമ്മ ദമ്പതികളുടെ മകൻ മഹേഷാണ് (രഘു, 38) മരിച്ചത്.

 342 ദുരിതാശ്വാസ ക്യാമ്പുകൾ

 12,195 പേരെ മാറ്റിപ്പാർപ്പിച്ചു

ചൊവ്വ വരെ മഴ

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പട്ട ശക്തമായ മഴ ലഭിക്കും. നാളെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന മുന്നറിയിപ്പുണ്ട്‌. ആന്ധ്രാ തീരത്തിനും കർണാടകയ്‌ക്കും മുകളിൽ ചക്രവാതച്ചുഴികളും നിലനിൽക്കുന്നുണ്ട്‌.

യെല്ലോ അലർട്ട്

ഇന്ന് ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്

ആലപ്പുഴയിൽ അവധി

ഇന്ന് ആലപ്പുഴ ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

Advertisement
Advertisement