ഡീസൽ കുടിശിക 13 കോടി; ഓർഡിനറി ഓട്ടം കുറച്ചു

Saturday 06 August 2022 12:36 AM IST

ഇന്ന് 25% ഓടും, ഞായറാഴ്ച ഓ‌ർഡിനറി ഒന്നുമില്ല

തിരുവനന്തപുരം:എണ്ണക്കമ്പനികളുടെ13കോടി രൂപ കുടിശിക വീട്ടാനും ഡീസൽ വാങ്ങാനും പണമില്ലാതെ കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു.

ഗ്രാമങ്ങളിലെ ആശ്രയമായ ഓർഡിനറി ബസുകൾ ഡീസൽ ക്ഷാമം കാരണം പകുതി മാത്രമാണ് ഇന്നലെ ഓടിയത്. ഇന്ന് 25 ശതമാനം ഓർഡിനറി ഓടിച്ചാൽ മതിയെന്നാണ് സി.എം.ഡിയുടെ നിർദേശം. ഡീസൽ ക്ഷാമം തുടർന്നാൽ ഞായറാഴ്ച ഓർഡിനറി ഒന്നും ഓടില്ല.

ഓർഡിനറി വെട്ടിക്കുറച്ച് മിച്ചം പിടിക്കുന്ന ഇന്ധനം കൊണ്ട് തിങ്കളാഴ്ച ഫാസ്റ്റ്,​ സൂപ്പർഫാസ്റ്റ് സർവീസുകൾ പരമാവധി നടത്താനാണ് തീരുമാനം.

കുടിശിക തീർക്കാതെ ഡീസൽ നൽകില്ലെന്ന് എണ്ണക്കമ്പനികൾ ശഠിച്ചതോടെയാണ് കെ.എസ്.ആർ.ടി.സിക്ക് വഴിമുട്ടിയത്. ബൾക്ക് പർച്ചേസിംഗിന് കൂടിയ വില ഈടാക്കിയതിനെ തുടർന്ന് റീട്ടെയിലായാണ് ഡീസൽ വാങ്ങുന്നത്. പണമടച്ച് ഓൺലൈനിൽ ഓർഡർ നൽകിയാലേ റീട്ടെയിലിൽ എണ്ണ കിട്ടൂ. എന്നിട്ടും 13 കോടി കടമായി. ഈ തുക അടച്ചാൽ ഇന്ധനം കിട്ടും. പക്ഷേ പണമില്ല.
പ്രതിദിന വരുമാനത്തിൽ നിന്നാണ് ഇന്ധനത്തിനുള്ള പണം അടച്ചിരുന്നത്. ഒരു വിഭാഗം ജീവനക്കാർക്ക് ജൂണിലെ ശമ്പളം ആഗസ്റ്റിലും നൽകാൻ കഴിയാതെ വന്നതോടെയാണ് ഡീസലിന്റെ പണമെടുത്ത് ശമ്പളം നൽകിയത്. ജൂണിലെ ശമ്പളം പൂർണമായി നൽകി. ശനി,​ ഞായർ,​ തിങ്കൾ ദിവസങ്ങളിലെ മൊത്തം കളക്‌ഷൻ എടുത്ത് ഡീസൽ കുടിശിക തീർക്കാനാണ് മാനേജ്മെന്റ് ഇന്നലെ തീരുമാനിച്ചത്.
സർക്കാരിന്റെ ധനസഹായം കൃത്യമായി ലഭിക്കാത്താണ് മാനേജ്‌മെന്റിനെ വലയക്കുന്നത്. സർക്കാരിനോട് അടിയന്തര സഹായമായി 20 കോടി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. രക്ഷാപാക്കേജിന് അന്തിമരൂപം നൽകാൻ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യൂണിയനുകളുമായി ചർച്ച നടത്തുമെന്ന് മന്ത്രി ആന്റണിരാജു അറിയിച്ചിരുന്നു. ഒരുമാസം കഴിഞ്ഞിട്ടും യോഗം നടന്നിട്ടില്ല.