കാലാവധിയായ നിക്ഷേപങ്ങളും പലിശയും നൽകാൻ കരുവന്നൂർ ബാങ്കിന് 35 കോടി; വിതരണം ഇന്ന് മുതൽ
ബാങ്കിന് പിരിഞ്ഞു കിട്ടാനുള്ളത് 476കോടി
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ തിരിച്ചു നൽകാൻ അനുവദിച്ച 35 കോടി രൂപ ഇന്നു മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. കരുവന്നൂർ ബാങ്കിന്റെ ആസ്തിയുടെ ഈടിൽ കേരള ബാങ്ക് 25 കോടി നൽകും. സഹകരണ വികസന ക്ഷേമനിധി ബോർഡ് 10 കോടിയും നൽകും.
കരുവന്നൂർ ബാങ്കിൽ കാലാവധിയായ നിക്ഷേപം 142.71കോടിയാണ്. 10.69 കോടിയാണ് പലിശ നൽകാനുള്ളത്. കാലവധിയായ പല നിക്ഷേപങ്ങളും പലിശ ലഭിച്ചാൽ വീണ്ടും നിക്ഷേപിക്കാമെന്ന് നിക്ഷേപകർ അറിയിച്ചിട്ടുണ്ട്.
ബാങ്കിലെ ആകെ നിക്ഷേപം 284.61 കോടി രൂപയാണ്. വായ്പ ഇനത്തിൽ 368 കോടിയും, പലിശ 108.03 കോടിയുമാണ് ലഭിക്കാനുള്ളത്. മൊത്തം 476 കോടിയാണ് കിട്ടാനുള്ളത്.
പിരിഞ്ഞു കിട്ടേണ്ട വായ്പത്തുക ഈടാക്കാൻ 217 ആർബിട്രേഷൻ കേസുകൾ ഫയൽ ചെയ്തു. വിധിയായ കേസുകളിൽ 702 എണ്ണത്തിന്റെ എക്സിക്യൂഷൻ നടപടികൾ സ്വീകരിച്ചു. ഇത് വേഗത്തിലാക്കാൻ സഹകരണ വകുപ്പിലെ നാല് സ്‌പെഷ്യൽ സെയിൽസ് ഓഫീസർമാരെ നിയോഗിക്കും. നിലവിലുള്ള നിക്ഷേപം, കൊടുക്കാനുള്ള പലിശ, കാലാവധി എത്തിയ നിക്ഷേപം, അതിന്റെ പലിശ എന്നിവയുടെ കണക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഫിലോമിനയ്‌ക്ക് 35.4 ലക്ഷം ഇന്ന് നൽകും
കരുവന്നൂർ ബാങ്കിൽ 40 ലക്ഷം രൂപ നിക്ഷേപിച്ച ഫിലോമിനയുടെ മരണം ദൗർഭാഗ്യകരമാണ്. അതിൽ 4.60ലക്ഷം നൽകി. ശേഷിക്കുന്ന 35.4 ലക്ഷം രൂപയും ഇന്ന് അവരുടെ വീട്ടിലെത്തിക്കും. കഴിഞ്ഞ മാസം 28ന് പണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ ബാങ്കിൽ ഫണ്ട് ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.