മുല്ലപ്പെരിയാർ: ഷട്ടർ തുറന്നിട്ടും റൂൾലെവൽ പാലിക്കാതെ തമിഴ്നാട്
കുമളി: ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് ജലമൊഴുക്കിയിട്ടും റൂൾലെവൽ പാലിക്കാതെ തമിഴ്നാട്. ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നിട്ടും റൂൾലെവൽ എത്തുന്നതുവരെ തമിഴ്‌നാട് ഷട്ടറുകൾ തുറക്കാൻ മടിച്ചു. കഴിഞ്ഞ വർഷവും സമാന പരാതി ഉയർന്നിരുന്നു.
വ്യാഴാഴ്ച രാത്രി ഏഴിന് ജലനിരപ്പ് 136 അടി പിന്നിട്ടപ്പോഴാണ് ആദ്യ മുന്നറിയിപ്പിനൊപ്പം ഇന്നലെ രാവിലെ 10ന് അണക്കെട്ട് തുറന്നേക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചത്. രാവിലെയായപ്പോൾ സമയം 11.30 ആക്കി. അതും തമിഴ്നാട് പാലിച്ചില്ല. ഉച്ചയ്ക്ക് ഒന്നിന് നിലവിലെ റൂൾലെവലായ 137.5 അടിയിൽ ജലനിരപ്പ് എത്തിയപ്പോഴാണ് ഷട്ടർ തുറക്കാൻ തയ്യാറായത്. തുറന്നപ്പോഴും നീരൊഴുക്കിനനുസരിച്ച് പുറത്തേക്ക് വെള്ളമൊഴുക്കാൻ തയ്യാറായില്ല. ആദ്യം വി-2, വി-3, വി- 4 ഷട്ടറുകൾ 30 സെ.മീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 534 ഘനയടി ജലമാണ് പുറത്തേക്കൊഴുക്കിയത്.
ആ സമയം ജലനിരപ്പ് റൂൾ ലെവലിനെക്കാൾ മുകളിലായിരുന്നു. തുടർന്ന് വൈകിട്ട് മൂന്നിന് വി- 7, വി- 8, വി- 9 ഷട്ടറുകളും അഞ്ചിന് വി- 1, വി-5, വി- 6, വി- 10 ഷട്ടറുകളും 30 സെ.മീറ്റർ വീതം തുറന്നു. എന്നിട്ടും ജലനിരപ്പ് വൈകിട്ടോടെ 135.75 അടി പിന്നിട്ടു. കഴിഞ്ഞ വർഷത്തെപ്പോലെ രാത്രിയിൽ മുല്ലപ്പെരിയാറിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടുമോയെന്ന് പെരിയാർ തീരവാസികൾക്ക് ആശങ്കയുണ്ട്. 2021ൽ നിരവധി തവണയാണ് രാത്രിയിലടക്കം കൃത്യമായ മുന്നറിയിപ്പില്ലാതെ വലിയ തോതിൽ വെള്ളം തുറന്നുവിട്ടത്. കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇതിനുമുമ്പ് ഡാം തുറന്നത്.
മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ആദ്യമൊഴുകിയെത്തിയ വള്ളക്കടവിലെ വിവിധ പ്രദേശങ്ങൾ മന്ത്രി റോഷി അഗസ്റ്റിനും വാഴൂർ സോമൻ എം.എൽ.എയുമടക്കം സന്ദർശിച്ചു.