മഴയ്ക്ക് നേരിയ ശമനം, 108 കുടുംബങ്ങളിലെ 282 പേർ ക്യാമ്പുകളിൽ

Saturday 06 August 2022 12:59 AM IST
വൃ​ഷ്ടി​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​മ​ഴ​ ​ശ​ക്ത​മാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​മ​ല​മ്പു​ഴ​ ​ഡാ​മി​ന്റെ​ ​നാ​ല് ​ഷ​ട്ട​റു​ക​ൾ​ 10​ ​സെ​ന്റി​ ​മീ​റ്റ​ർ​ ​ഉ​യ​ർ​ത്തി​യ​പ്പോ​ൾ​ - ഫോ​ട്ടോ​ ​:​ ​പി.​ ​എ​സ്.​ ​മ​നോ​ജ്

പാലക്കാട്: ജില്ലയിൽ അതിതീവ്ര മഴയ്ക്ക് ഇന്നലെ പകൽ നേരിയ ശമനമുണ്ടായെങ്കിലും മലമ്പുഴ അണക്കെട്ടിലെ ഷട്ടറുകൾ ഉച്ചയോടെ തുറന്നു. നാല് ഷട്ടറുകളാണ് അഞ്ച് സെന്റിമീറ്റർ വീതം തുറന്നത്. 112.36 മീറ്ററാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. ഒരു മണിക്കൂറിൽ ഒരു സെന്റിമീറ്ററാണ് ജലനിരപ്പ് ഉയരുന്നത്.

റൂൾകർവ് പ്രകാരം 112.99 മീറ്ററാണ് സംഭരണശേഷി. നിലവിൽ ആശങ്കാജനകമായ ജലനിരപ്പ് ഇല്ലെങ്കിലും മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നതെന്ന് അധികൃതർ വ്യക്തമാക്കി. മുക്കൈപ്പുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ഇന്നലെ പകൽ മഴയ്ക്ക് ശമനമുണ്ടായെങ്കിലും അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നാളെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ആഗസ്റ്റ് 6 മുതൽ 9വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ജില്ലയിൽ നെല്ലിയാമ്പതി, അട്ടപ്പാടി, മണ്ണാർക്കാട് തുടങ്ങിയ മലയോര മേഖലകളിലാണ് മഴ ഭീഷണി നിലനിൽക്കുന്നത്.

 ജില്ലയിൽ എട്ട് ക്യാമ്പുകൾ

ചിറ്റൂർ, മണ്ണാർക്കാട്, ആലത്തൂർ താലൂക്കുകളിലായി ജില്ലയിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ 108 കുടുംബങ്ങളിലെ 282 പേർ കഴിയുന്നുണ്ട്. ചിറ്റൂർ താലൂക്കിലെ നെല്ലിയാമ്പതിയിൽ പാടഗിരി പാരിഷ് പള്ളിയിൽ 12 കുടുംബങ്ങളിലെ 29 പേരെയും കയറാടി വില്ലേജിലെ വീഴ്ലിയിൽ ചെറുനെല്ലിയിൽ നിന്നുള്ള ഏഴ് കുടുംബങ്ങളിലെ 17 പേരെയും ട്രൈബൽ ഡിപ്പാർട്ട്‌മെന്റ് നിർമ്മിച്ച മൂന്ന് വീടുകളിലായി മാറ്റി പാർപ്പിച്ചിട്ടുണ്ട്.

മണ്ണാർക്കാട് താലൂക്ക് പൊറ്റശ്ശേരി വില്ലേജ് ഒന്നിൽ സർക്കാർ ഹൈസ്‌കൂളിൽ 37 കുടുംബങ്ങളിലെ 105 പേരെയും പൊറ്റശ്ശേരി വില്ലേജ് ഒന്നിൽ പുളിക്കൽ ഗവ. യു.പി സ്‌കൂളിൽ 30 കുടുംബങ്ങളിലെ 82 പേരെയും പാലക്കയം പാമ്പൻ തോട് അങ്കണവാടിയിൽ രണ്ട് കുടുംബങ്ങളിലെ എട്ട് പേരേയും പൊറ്റശ്ശേരി വില്ലേജ് ഒന്നിൽ പാമ്പൻ തോട് ഹെൽത്ത് സെന്ററിൽ അഞ്ച് കുടുംബങ്ങളിലെ 11 പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആലത്തൂർ താലൂക്ക് കിഴക്കഞ്ചേരി വില്ലേജ് രണ്ടിൽ ഓടൻതോട് സെന്റ് ജൂഡ് ചർച്ചിൽ എട്ട് കുടുംബങ്ങളിലെ 11 പേരയും മാറ്റി പാർപ്പിച്ചിട്ടുണ്ട്. അട്ടപ്പാടി ഷോളയൂർ വില്ലേജിലെ ചിറ്റൂർ പാരിഷ് ഹാളിൽ ഏഴ് കുടുംബങ്ങളിലെ 19 പേരെ മാറ്റിപ്പാർപ്പിച്ചതായും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.

 ലഭിച്ചത് 71 മില്ലിമീറ്റർ മഴ

കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ആഗസ്റ്റ് അഞ്ച് രാവിലെ എട്ടര വരെ ശരാശരി 71 മില്ലിമീറ്റർ മഴ ലഭിച്ചതായി മുണ്ടൂർ ഐ.ആർ.ടി.സി അധികൃതർ അറിയിച്ചു.

പെയ്തിടത്തുതന്നെ

കഴിഞ്ഞ ദിവസങ്ങളിൽ അധിക മഴ ലഭിച്ച സ്ഥലങ്ങളിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും. ജാഗ്രത കൈവിടരുതെന്ന് അധികൃതർ അറിയിച്ചു.

Advertisement
Advertisement