ഇത്രയും നിർണായകമായ മുഹൂർത്തത്തിൽ എന്റെ സാന്നിദ്ധ്യം വിലക്കുന്നതിൽ എന്ത് ന്യായം; വിവാദത്തിൽ പ്രതികരണവുമായി വധു

Saturday 06 August 2022 10:34 AM IST

കോഴിക്കോട്: പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന നിക്കാഹ് കർമ്മത്തിന് വധുവിന് പ്രവേശനം നൽകിയ സംഭവം അംഗീകരിക്കാനാവില്ലെന്ന് മഹല്ല് കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനുപിന്നാലെ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വധുവായ ബഹിജ ദലീല.

ബാപ്പയ്ക്കും വരനുമൊപ്പം നിക്കാഹിൽ പങ്കെടുക്കാൻ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും ഇത്രയും നിർണായകമായ മുഹൂർത്തത്തിൽ തന്റെ സാന്നിദ്ധ്യം വിലക്കുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്നും യുവതി പ്രതികരിച്ചു. ഒരു മാദ്ധ്യമമാണ് യുവതിയുടെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജൂലായ് 30ന് പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന നിക്കാഹ് കർമ്മത്തിനാണ് വധുവിന് പ്രവേശനം നൽകിയത്. വേദിയിൽ വച്ചുതന്നെയാണ് യുവതി വരനിൽ നിന്ന് മഹർ സ്വീകരിച്ചത്. സാധാരണയായി നിക്കാഹ് കഴിഞ്ഞ ശേഷം വരൻ വധുവിന്റെ വീട്ടിലെത്തിയാണ് മഹർ നൽകുക.