ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം,​ സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ മഴ ശക്തമാകാൻ സാദ്ധ്യത

Saturday 06 August 2022 10:22 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാദ്ധ്യത. രാത്രി ഒമ്പത് മണിയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത് കാരണം അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ ശക്തമാകാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്തിന് മുകളിലായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നതും മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുതിനാലും മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതിന്‍റെയും സ്വാധീനത്താൽ കേരളത്തിൽ ആഗസ്റ്റ് 6 മുതൽ 10 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

അതേസമയം കേരളത്തിൽ നേരത്തെ പ്രഖ്യാപിച്ച യെല്ലോ അലർട്ട് അഞ്ചു ജില്ലകളിൽ തുടരുകയാണ്. ഇടുക്കി,​ കോഴിക്കോട്, വയനാട്,​ കണ്ണൂർ,​ കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ എട്ടുജില്ലകളിൽ യെല്ലേ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം,​ ഇടുക്കി. തൃശൂർ,​ പാലക്കാട്,​ കോഴിക്കോട്,​ വയനാട്,​ കണ്ണൂർ,​ കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Advertisement
Advertisement