 ഇർഷാദിന്റെ കൊലപാതകം:..... പ്രതികൾക്കായി ഉടൻ റെഡ്‌കോർണർ നോട്ടീസ്

Sunday 07 August 2022 12:00 AM IST

കോഴിക്കോട്: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി കോഴിക്കുന്നുമ്മൽ ഇർഷാദ് കൊല്ലപ്പെട്ട കേസിൽ, വിദേശത്തേക്ക് കടന്ന പ്രതികളെ തിരിച്ചെത്തിക്കാൻ അന്വേഷണ സംഘം റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിക്കും. മുഖ്യപ്രതികളായ താമരശ്ശേരി സ്വദേശികളായ നാസർ എന്ന സ്വാലിഹ്, ഷംനാദ് എന്നിവരെ നാട്ടിലെത്തിക്കാൻ സി.ബി.ഐ മുഖേന ഇന്റർപോളുമായി ബന്ധപ്പെടാനാണ് നീക്കം.

ഇർഷാദിന്റെ മൃതദേഹം കഴിഞ്ഞ മാസം 17ന് തിക്കോടി കോടിക്കൽ കടപ്പുറത്ത് കണ്ടെത്തിയതിന് പിന്നാലെ 19ന് സ്വാലിഹ് ഡൽഹി വിമാനത്താവളത്തിലൂടെ വിദേശത്തേക്ക് കടന്നെന്നാണ് വിവരം.

ദുബായിൽ നിന്ന് കൊണ്ടുവന്ന 60 ലക്ഷം രൂപയുടെ സ്വർണം ആവശ്യപ്പെട്ട് ജൂലായ് ആറിന് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത് സ്വാലിഹിന്റെ നേതൃത്വത്തിലാണെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്.

മർദ്ദിച്ച് അവശനാക്കി ഇർഷാദിനെ കാറിൽ കൊണ്ടുപോയി പുഴയിൽ തള്ളിയതാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതേസമയം പുറക്കാട്ടിരി പുഴയിൽ ഒരാൾ ഒഴുകിപ്പോകുന്നത് കണ്ടെന്നും പാലത്തിൽ കാറുണ്ടായിരുന്നതായും പ്രദേശവാസിയുടെയും മൊഴിയുണ്ട്.

 ദീപക്ക് തിരോധാനം: അന്വേഷിക്കാൻ പ്രത്യേക സംഘം

മേപ്പയൂർ കൂനം വെള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപക്കിന്റെ തിരോധാനം അന്വേഷിക്കാൻ നാദാപുരം കൺട്രോൾ റൂം ഡിവൈ.എസ്.പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെ നിയോഗിച്ചു.

ഒരാളെക്കൂടി കാണാതായി

ഖത്തറിൽ നിന്നെത്തിയ വളയം ചെക്യാട് വാതുക്കൽ പറമ്പത്ത് റിജേഷിനെ (35) കാണാതായെന്ന സഹോദരന്റെ പരാതിയിൽ വളയം പൊലീസ് കേസെടുത്തു. ജൂൺ 10നാണ് റിജേഷ് അവസാനമായി വീട്ടുകാരുമായി ബന്ധപ്പെട്ടത്. ജൂൺ 16ന് നാട്ടിലെത്തിയിട്ടുണ്ടെന്നാണ് ഖത്തറിലെ സുഹൃത്തുക്കൾ നൽകിയ വിവരം. ഗൾഫിൽ നിന്ന് ഫോൺ വഴിയും ചില ആളുകൾ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തിയതായും സഹോദരൻ വ്യക്തമാക്കി.

Advertisement
Advertisement