ടോപ്പ് 10ൽ ടാറ്റയുടെ പഞ്ച്

Monday 08 August 2022 3:12 AM IST

കൊച്ചി: കഴിഞ്ഞമാസം (ജൂലായ്)​ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ ടോപ്പ് 10 പാസഞ്ചർ വാഹനങ്ങളുടെ (കാർ,​ എസ്.യു.വി.,​ വാൻ)​ പട്ടികയിൽ ഇടംപിടിച്ച് ടാറ്റാ മോട്ടോഴ്‌സിന്റെ പുതുപുത്തൻ എസ്.യു.വി പഞ്ച്. 11,007 യൂണിറ്റുകളുടെ വില്പനയുമായി പത്താംസ്ഥാനത്താണ് പഞ്ച്. ടാറ്റയുടെ കോംപാക്‌റ്റ് എസ്.യു.വിയായ നെക്‌‌സോൺ 14,​214 യൂണിറ്റ് വില്പനയുമായി നാലാംസ്ഥാനത്തുണ്ട്. 2021 ജൂലായിലെ 10,​287 യൂണിറ്റുകളിൽ നിന്നാണ് നെക്‌സോണിന്റെ മുന്നേറ്റം; ജൂലായിൽ വില്പന വളർച്ച 38 ശതമാനം. ടോപ്പ് 10ൽ ആറു മോഡലുകളും മാരുതി സുസുക്കിയുടേതാണ്. ആദ്യ മൂന്ന് സ്ഥാനങ്ങളും മാരുതിയുടെ താരങ്ങൾ സ്വന്തമാക്കി. 22,​588 യൂണിറ്റുകളുമായി വാഗൺആറാണ് ഒന്നാമത്. 2021 ജൂലായിലെ 22,​836 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞമാസം വില്പന ഒരുശതമാനം താഴ്‌ന്നെങ്കിലും വാഗൺആർ ഒന്നാംസ്ഥാനം കൈവിട്ടില്ല. 17,​960 പുതിയ ഉപഭോക്താക്കളുള്ള സ്വിഫ്‌റ്റാണ് രണ്ടാമത്. 14,729 യൂണിറ്റുകളിൽ നിന്ന് സ്വിഫ്‌റ്റിന്റെ വില്പന 22 ശതമാനം മുന്നേറി. അഞ്ചുശതമാനം വില്പനയിടിവ് നേരിട്ടെങ്കിലും ബലേനോ മൂന്നാംസ്ഥാനം സ്വന്തമാക്കി. 18,​434 യൂണിറ്റുകളിൽ നിന്ന് 17,539ലേക്കാണ് വില്പന താഴ്‌ന്നത്. 31 ശതമാനം വില്പന വളർച്ചയുമായി മാരുതി ഡിസയർ അഞ്ചാംസ്ഥാനം നേടി. 10,​470ൽ നിന്ന് 13,747 യൂണിറ്റുകളിലേക്ക് കഴിഞ്ഞമാസം വില്പന മുന്നേറി. മാരുതി ഈക്കോയ്ക്കാണ് ആറാംസ്ഥാനം; 30 ശതമാനം വളർച്ചയുമായി കഴിഞ്ഞമാസത്തെ വില്പന 13,048 യൂണിറ്റുകൾ. 2021 ജൂലായിൽ പുതുതായി നിരത്തിലെത്തിയത് 10,​057 യൂണിറ്റുകളായിരുന്നു. മാരുതി എസ്-പ്രസോ 11,268 യൂണിറ്റുകളുമായി ഒമ്പതാംസ്ഥാനത്തുണ്ട്. 6,​818 യൂണിറ്റുകളിൽ നിന്ന് 65 ശതമാനം വില്പന വള‌ർച്ചയുമായാണ് എസ്-പ്രസോയുടെ മുന്നേറ്റം. ഏഴും എട്ടും സ്ഥാനങ്ങളിൽ യഥാക്രമം ഹ്യുണ്ടായിയുടെ ക്രെറ്റയും വെന്യുവുമാണ്. ക്രെറ്റ 12,​625 പുതിയ ഉപഭോക്താക്കളെ നേടിയപ്പോൾ വെന്യു സ്വന്തമാക്കിയത് 12,​000 പേരെ. വെന്യു 47 ശതമാനം വില്പന വളർ‌ച്ച നേടിയെങ്കിലും ക്രെറ്റ മൂന്നു ശതമാനം നഷ്‌ടം നേരിട്ടു. 2021 ജൂലായിൽ 8,​185 യൂണിറ്റുകളായിരുന്നു വെന്യൂവിന്റെ വില്പന; ക്രെറ്റയുടേത് 13,​000 യൂണിറ്റുകളും.