നഷ്‌ടപാതയിൽ കയറ്റുമതി; ആശങ്കയായി വ്യാപാരക്കമ്മി

Monday 08 August 2022 3:56 AM IST

കൊച്ചി: ആഗോള സാമ്പത്തികഞെരുക്കം ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. ജൂലായിൽ കയറ്റുമതി വരുമാനം 0.76 ശതമാനം ഇടിഞ്ഞ് 3,​524 കോടി ഡോളറിലെത്തിയതാണ് ആശങ്ക. കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വരുമാനമാണിതെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുടെ ഏറ്റവും വലിയ പത്ത് കയറ്റുമതി വിഭാഗങ്ങളിൽ ഏഴും കഴിഞ്ഞമാസം തളർന്നു. എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ (2.5 ശതമാനം)​,​ പെട്രോളിയം ഉത്‌പന്നങ്ങൾ (7.1 ശതമാനം)​,​ ജെം ആൻഡ് ജുവലറി (5.2 ശതമാനം)​,​ ഫാർമസ്യൂട്ടിക്കൽസ് (1.4 ശതമാനം)​,​ റെഡിമെയ്ഡ് വസ്ത്രങ്ങൾ (0.6 ശതമാനം)​,​ കോട്ടൺനാര് (28.3 ശതമാനം)​,​ പ്ലാസ്‌റ്റിക് (3.4 ശതമാനം)​ എന്നിവയാണവ. കെമിക്കൽസ് (7.9 ശതമാനം)​,​ ഇലക്‌ട്രോണിക് ഉത്‌പന്നങ്ങൾ (46.1 ശതമാനം)​,​ അരി (30.2 ശതമാനം)​ എന്നിവ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും മൊത്തം കയറ്റുമതി തളർച്ചയെ തടയാനായില്ല.

കഴിഞ്ഞമാസം ഇറക്കുമതി 4,​615 കോടി ഡോളറിൽ നിന്ന് 6,​626 കോടി ഡോളറിലേക്ക് കുതിച്ചുയർന്നു. ഇന്ത്യയുടെ കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി ജൂലായിൽ 1,​063 കോടി ഡോളറിൽ നിന്ന് 3,​102 കോടി ഡോളറിലേക്ക് ഉയരുകയും ചെയ്‌തു. കേന്ദ്രസർക്കാർ ഇറക്കുമതിച്ചുങ്കം കൂട്ടിയതുമൂലം കഴിഞ്ഞമാസം സ്വർണം ഇറക്കുമതി 43.6 ശതമാനം താഴ്‌ന്ന് 237 കോടി ഡോളറായെങ്കിലും വ്യാപാരക്കമ്മി കൂടുകയാണുണ്ടായത്. 2021 ജൂലായിൽ 421 കോടി ഡോളറിന്റേതായിരുന്നു സ്വർണം ഇറക്കുമതി. നോൺ-ഓയിൽ,​ നോൺ-ജെം ആൻഡ് ജുവലറി ഉത്‌പന്ന ഇറക്കുമതി 42.9 ശതമാനം വർദ്ധിച്ചതാണ് വ്യാപാരക്കമ്മി കൂടാൻ മുഖ്യകാരണം.

ബസുമതി അരിയിൽ സ്വാദൂറും നേട്ടം

ഇന്ത്യയുടെ ബസുമതി അരി കയറ്റുമതി നടപ്പുവർഷം ഏപ്രിൽ-ജൂണിൽ 25.54 ശതമാനം ഉയർന്ന് 115 കോടി ഡോളറായെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 92.2 കോടി ഡോളറായിരുന്നു 2021-22ലെ സമാനപാദത്തിൽ. ബസുമതി ഇതര അരി കയറ്റുമതി അഞ്ചുശതമാനം മുന്നേറി 156 കോടി ഡോളറായുമായിട്ടുണ്ട്.

$740 കോടി

കാർഷികോത്പന്ന, പ്രോസസ്ഡ് ഫുഡ് കയറ്റുമതി ഏപ്രിൽ-ജൂണിൽ 31 ശതമാനം ഉയർന്ന് 740 കോടി ഡോളറിലെത്തി. നടപ്പുവർഷം ഈയിനത്തിൽ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്‌ട്‌സ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ (അപെഡ)​ ഉന്നമിടുന്ന വരുമാനം 2,​356 കോടി ഡോളറാണ്.