അംഗത്തിന്റെ അയോഗ്യത കീരംപാറയെ ത്രിശങ്കുവിലാക്കി

Monday 08 August 2022 12:04 AM IST

കൊച്ചി: കൂറുമാറിയ സ്വതന്ത്ര അംഗത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയതോടെ 13 അംഗ കീരംപാറ പഞ്ചായത്ത് ഭരണസമിതിയിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. ആറാം വാർഡ് (മുട്ടത്തുകണ്ടം) അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷീബ ജോർജിനെയാണ് സംസ്ഥാന തിരഞ്ഞെ‌ടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അയോഗ്യയാക്കിയത്. 2020 ലെ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കുമെതിരെ സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ഷീബ ജോർജ് ഇടതുപക്ഷത്തേക്ക് കൂറുമാറിയെന്ന മൂന്നാം വാർഡ് അംഗം മാമച്ചൻ ജോസഫിന്റെ പരാതിയിലായിരുന്നു നടപടി.

തിരഞ്ഞെടുപ്പിന് ശേഷം 6 സീറ്റുവീതം നേടി ഒപ്പത്തിനൊപ്പം നിന്ന മുന്നണകളിൽ ആര് അധികാരം കൈയ്യാളുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് ഷീബ ജോർജിന്റെ നീക്കം നിർണ്ണായകമായത്. കമ്മിറ്റി രൂപീകരണവേളയിൽ എ‌ൽ.‌‌ഡി.എഫിനൊപ്പം ചേർന്ന ഷീബ, താൻ ഇടതുമുന്നണി സ്ഥാനാർത്ഥിയായാണ് മത്സരിച്ചതെന്ന് സത്യവാങ്മൂലവും നൽകി. മുട്ടത്തുകണ്ടം വാർഡിൽ യു.ഡി.എഫിനും എൽ.ഡി.എഫ് നും സ്ഥാനാർത്ഥികളുണ്ടായിരുന്നു. ഇരുവർക്കുമെതിരായ പൊതുസ്ഥാനാർത്ഥി എന്ന നിലയിലാണ് ഷീബയെ ജനങ്ങൾ വിജയിപ്പിച്ചത്. എന്നാൽ ജയിച്ചുകഴിഞ്ഞപ്പോൾ താൻ ഇടതുപക്ഷക്കാരിയാണെന്ന ഷീബ ജോർജിന്റെ നിലപാട് വാ‌ർഡിലെ ചില പൊതുപ്രവർത്തകരെയും ചൊടിപ്പിച്ചു. ഇതുകൂടി പരിഗണിച്ചാണ് തലനാരിഴയ്ക്ക് ഭരണം നഷ്ടപ്പെട്ട യു.ഡി.എഫ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.

സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ഒരു അംഗം പിന്നീട് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുന്നതിൽ ആക്ഷേപമുള്ളവർ 30 ദിവസത്തിനകം തിരഞ്ഞടുപ്പ് കമ്മിഷനെ സമീപിക്കണമെന്നാണ് ചട്ടം. 2020 ഡിസംബർ 21 നാണ് ഷീബ ജോർജ് കൂറുമാറിയത്. ജനുവരി ആദ്യവാരം തന്നെ യു.ഡി.എഫ് പരാതിയും നൽകി.

ആപത് ഘട്ടത്തിൽ കൂടെനിന്ന ഷീബയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയാണ് ഇടതുമുന്നണി പ്രത്യുപകാരം ചെയ്തത്. എന്നാൽ കാലങ്ങളായി കോതമംഗലത്തെ കീരംപാറയിൽ ആധിപത്യമുണ്ടായിരുന്ന യു.ഡി.എഫിന് അതത്ര പിടിച്ചില്ല. ഷീബ ജോർജ് കോടതിയിൽ അപ്പീൽ നൽകിയില്ലെങ്കിൽ സ്ഥാനം ഒഴിയണം. പിന്നീട് ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മുട്ടത്തുകണ്ടത്തെ ഒപ്പം കൂട്ടി ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

Advertisement
Advertisement