വായ്‌പാപ്പലിശ ഉയർത്തി കൂടുതൽ ബാങ്കുകൾ

Monday 08 August 2022 3:38 AM IST

ന്യൂഡൽഹി: റിസർവ് ബാങ്ക് റിപ്പോനിരക്ക് 0.50 ശതമാനം വർദ്ധിപ്പിച്ചതിന് പിന്നാലെ വായ്‌പാ പലിശനിരക്കുയർത്തി കൂടുതൽ വാണിജ്യബാങ്കുകൾ. ഐ.സി.ഐ.സി.ഐ ബാങ്ക് ആഗസ്‌റ്റ് അഞ്ചിന് പ്രാബല്യത്തിൽ വന്നവിധം എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റ് (ഐ-ഇ.ബി.എൽ.ആർ)​ 9.10 ശതമാനമായി ഉയർത്തി. ഇടപാടുകാരന്റെ വായ്‌പ ഐ-ഇ.ബി.എൽ.ആറുമായി ബന്ധിപ്പിച്ചതാണെങ്കിൽ ഇ.എം.ഐ ഉയരും.

കനറാ ബാങ്ക് റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് (ആർ.എൽ.എൽ.ആർ)​ ആഗസ്‌റ്റ് ഏഴിന് പ്രാബല്യത്തിൽ വന്നവിധം 7.80 ശതമാനത്തിൽ നിന്ന് 8.30 ശതമാനത്തിലേക്ക് ഉയർത്തി. റിപ്പോ വർദ്ധനയ്ക്ക് ആനപാതികമായി ബാങ്ക് ഒഫ് ബറോഡ അടിസ്ഥാനനിരക്ക് (ബി-ആർ.എൽ.എൽ.ആർ)​ 7.95 ശതമാനമായി പുനർനിശ്ചയിച്ചു. ആഗസ്‌റ്റ് ആറിന് പ്രാബല്യത്തിൽ വന്നു.

ഉപഭോക്താവിന്റെ ജോലി,​ സിബിൽ സ്കോർ,​ വായ്‌പാത്തുക എന്നിവയുടെ അടിസ്ഥാനത്തിൽ പലിശനിരക്കിൽ വ്യത്യാസമുണ്ടാകും. റിസ്‌ക് കുറവുള്ള വായ്‌പകൾക്ക് പലിശഭാരവും കുറവായിരിക്കും. 7.95 മുതൽ 9.30 ശതമാനം വരെ പലിശയാണ് ബാങ്ക് ഈടാക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക് 7.4ൽ നിന്ന് 7.9 ശതമാനത്തിലേക്കാണ് ആർ.എൽ.എൽ.ആർ പരിഷ്‌കരിച്ചത്.

Advertisement
Advertisement