പുത്തുമല: കണ്ണീരോർമകൾക്ക് ഇന്ന് മൂന്നാണ്ട്

Monday 08 August 2022 12:17 AM IST
പുത്തുമല ശ്രീ ചാമുണ്ടിശ്ശേരി ക്ഷേത്രം

'വരും, വരാതിരിക്കില്ലെ'ന്ന ചിന്തയിൽ അഞ്ച് കുടുംബങ്ങൾ

പുത്തുമല (വയനാട്): വയനാട് ജില്ലയിലെ മനോഹരമായ ഗ്രാമങ്ങളിൽ ഒന്നായിരുന്നു പുത്തുമല. തേയിലയുടെ പച്ചപ്പിനുള്ളിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടികൾ. ശങ്കൊലിയും ബാങ്കൊലിയും മുഴങ്ങുന്ന മസ്ജിദും ക്ഷേത്രവും തൊട്ടുരുമ്മുന്ന പ്രദേശം. പുത്തുമലയുടെ ചരിത്രത്തിൽ രാഷ്ട്രീയ സംഘർഷങ്ങളോ മത തർക്കങ്ങളോ ഉണ്ടായിരുന്നില്ല.

പുത്തുമല ശ്രീ ചാമുണ്ടിശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിന് മാസങ്ങൾക്കു മുമ്പെ ഒരുക്കം തുടങ്ങും. ജാതിമത ഭേദമന്യേ ഉത്സവത്തിനുള്ള കാത്തിരിപ്പിലായിരിക്കും ഗ്രാമവാസികൾ. സമാനമായിരുന്നു നബിദിന ആഘോഷവും. നബിദിന റാലിക്ക് പായസം ഉൾപ്പെടെ മധുരം നൽകിയിരുന്നത് ക്ഷേത്ര കമ്മിറ്റിയായിരുന്നു. ഇതെല്ലാം ഒരു ഭൂതകാലം. ഇന്ന് ക്ഷേത്രമോ, മസ്ജിദോ പുത്തുമലയിലില്ല. എന്തിനേറെ, നന്മയുള്ള മനുഷ്യർ പാർത്തിരുന്ന ഇടംപോലും ഒഴുകിപോയി. രണ്ടുവർഷം മുമ്പ് പ്രകൃതി സംഹാര താണ്ഡവമാടിയപ്പോൾ പൊലിഞ്ഞത് പതിനേഴ് ജീവനുകൾ. പ്രകൃതി ചാലിച്ച് നൽകിയ അനുഗ്രഹീത സൗഹാർദ്ദ തീരം ഒരു മുറിപ്പാട് പോലെ ഓർമയിൽ മുഴച്ച് നിൽക്കുന്നു. 2019 ആഗസ്റ്റ് 8 വൈകിട്ട് 4.10 സമയം ആർക്കും മറക്കാൻ ആവില്ല.

ആശ്വാസമാകുന്ന പുനരധിവാസം

പുത്തുമല ദുരന്തത്തിന് ഇരയായ കുടുംബങ്ങളുടെ പുനരധിവാസം

ഏതാണ്ട് പൂർത്തിയായി. പുത്തുമലയിൽ നിന്ന് 10 കിലോമീറ്റർ അകലെ മേപ്പാടി പൂത്തകൊല്ലിയിലാണ് പുനരധിവാസം ഒരുക്കിയത്. വർഷം പദ്ധതിയെന്ന് പേരിട്ട പദ്ധതിയിൽ സ്വകാര്യ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സർക്കാരു കൈകോർത്തു. 56 വീടുകളാണ് നിർമ്മിച്ചത്. 10 ലക്ഷം രൂപ ധനസഹായം വാങ്ങി സ്വന്തമായി വീട് വെച്ചവരും ദുരന്തബാധിതരിലുണ്ട്. സാങ്കേതിക കാരണം പറഞ്ഞ് ഏഴു കുടുംബങ്ങളെ പുനരധിവാസ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇവർ പൂത്തകൊല്ലിയിൽ കുടിൽകെട്ടി സമരം നടത്തിയെങ്കിലും ഇന്നും പരിഹാരമായില്ല.

കണ്ടെത്താനാകാത്ത അഞ്ചുപേർ

പുത്തുമല ദുരന്തത്തിൽ കാണാതായ പലരെയും പല സമയങ്ങളിൽ പലയിടങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. പക്ഷേ, മുതിരതൊടി ഹംസ (58), പച്ചക്കാട് നാച്ചിവീട്ടിൽ അവറാൻ (62), പച്ചക്കാട് കണ്ണൻകാടൻ അബൂബക്കർ (62), പുത്തുമല എസ്‌റ്റേറ്റിൽ അണ്ണയ്യ (54), പച്ചക്കാട് എക്കണ്ടത്തിൽ നബീസ (74) എന്നിവർ എവിടെയെന്ന ചോദ്യത്തിന് മൂന്നാണ്ട് പിന്നിടുമ്പോഴും ഉത്തരമില്ല. വരില്ലെന്ന് അറിയാമെങ്കിലും അഞ്ചുപേരുടെയും ഉറ്റമിത്രങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ് എന്നെങ്കിലും വരും, വരാതിരിക്കില്ലെന്ന ചിന്തയിൽ.

Advertisement
Advertisement