സി.പി.എം നേതൃയോഗം ഇന്നു മുതൽ: ഇ.ഡിയെ ചെറുക്കാൻ അടവുകൾ ഒരുക്കും

Monday 08 August 2022 12:40 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളെയും മുൾമുനയിൽ നിറുത്താനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കങ്ങളെ ചെറുക്കാനുള്ള തന്ത്രങ്ങൾക്ക് ഇന്നു മുതൽ വെള്ളിയാഴ്ച വരെ നീളുന്ന സി.പി.എം സംസ്ഥാന നേതൃയോഗങ്ങളിൽ രൂപം നൽകും. ഇന്നും നാളെയും സംസ്ഥാന സെക്രട്ടേറിയറ്റും ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റിയും ചേരും. പാർട്ടി കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള ചർച്ചയും നടക്കും.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നടപടികളും രാഷ്ട്രീയ ആരോപണങ്ങളെ ചെറുക്കാനുള്ള അടവുകളും ചർച്ചയിൽ വരും. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഇ.ഡി നടപടികളെന്ന രാഷ്ട്രീയ പ്രചാരണമാണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. നിയമപരമായും ഇതിനെ പ്രതിരോധിക്കാനുള്ള വഴികൾ തേടും. കിഫ്ബിക്ക് വിദേശ വായ്പ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാൻ മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകിയ സാഹചര്യത്തിലാണിത്. ഇ.ഡി മുമ്പാകെ തോമസ് ഐസക് ഇപ്പോൾ ഹാജരായാൽ, സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയിലേക്കും സമാന നടപടികൾ എത്തിയേക്കുമെന്ന് പാർട്ടി കണക്കു കൂട്ടുന്നു.

കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റും, പിന്നീട് വന്ന തിരുത്തലും പാർട്ടി നേതൃയോഗങ്ങളിൽ ചർച്ചയാവും. 'ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായുള്ള സാങ്കൽപ്പിക സംഗമങ്ങളാണ് കർക്കടക വാവുബലി. ആഘോഷങ്ങളും ആചാരങ്ങളുമെല്ലാം മണ്മറഞ്ഞുപോയവരുടെ സ്മൃതികൾ നമ്മളിലുണർത്തുമെങ്കിലും കർക്കടക മാസത്തിലെ കറുത്ത പക്ഷം പിതൃക്കൾക്ക് വേണ്ടി മാത്രമുള്ളതാണ്. മരണത്തെ കാല്പനികവത്കരിച്ചും ആചാര വിശ്വാസങ്ങളിൽ തളച്ചിട്ടും മതങ്ങളുടെ അരിക് ചേർന്നും മനുഷ്യൻ ആ മഹാ നിശബ്ദതയെ തന്നാലാവുന്ന വിധമെല്ലാം ചേർത്തു നിറുത്തുന്നു.' ഇങ്ങനെ പോകുന്നു ജൂലായ് 27 ന് പുറത്തു വന്ന പി. ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഇത് വിവാദമാവുകയും പാർട്ടി നേതൃത്വം അതൃപ്തി പ്രകടമാക്കുകയും ചെയ്തതോടെ, ജയരാജൻ ആഗസ്റ്റ് രണ്ടിന് മറ്റൊരു കുറിപ്പിട്ട് തലയൂരിയെങ്കിലും വിവാദം അടങ്ങിയിട്ടില്ല.

Advertisement
Advertisement