അമ്മ 41-ാം വയസിൽ മകനൊപ്പം പി.എസ്.സി ലിസ്റ്റിൽ

Monday 08 August 2022 12:00 AM IST

മലപ്പുറം:ഒരുമിച്ച് പി.എസ്.എസി ലിസ്റ്റിൽ കയറി ജോലി ഉറപ്പാക്കിയ സന്തോഷത്തിലാണ് അരീക്കോട് സൗത്ത് പുത്തലത്ത് അങ്കണവാടി ജീവനക്കാരിയായ ബിന്ദുവും (41) മകൻ വിവേകും (24). കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ച എൽ.ജി.എസ് ലിസ്റ്റിൽ ബിന്ദുവിന് 92ഉം എൽ.ഡി.സി ലിസ്റ്റിലുള്ള വിവേകിന് 38ഉം ആണ് റാങ്ക്. ഒരേ കോച്ചിംഗ് സെന്ററിലായിരുന്നു ഇരുവരുടെയും പഠനം. അഡ്വൈസ് മെമ്മോ കാത്തിരിക്കുകയാണ് അമ്മയും മകനും.

2011ലാണ് ബിന്ദു അരീക്കോട് പ്രതീക്ഷ പി.എസ്.സി സെന്ററിൽ പരിശീലനം തുടങ്ങിയത്. 11 വർഷമായി അങ്കണവാടി അദ്ധ്യാപികയായ ബിന്ദുവിന് നല്ല വരുമാനമുള്ള സർക്കാർ ജോലി വേണമെന്നായിരുന്നു ആഗ്രഹം. വീട്ടുജോലികൾക്കിടയിലും അങ്കണവാടിയിലെ ഇടവേളകളിലുമെല്ലാം പി.എസ്.സിക്കായി പഠിച്ചു. 2019ൽ ബി.എസ്.സി ജ്യോഗ്രഫി പഠനം പൂർത്തിയാക്കി വീട്ടിൽ വെറുതെ ഇരുന്ന മകനെയും പഠനത്തിന് ഒപ്പം കൂട്ടി. ജോലിയുള്ളതിനാൽ ഞായറാഴ്ചകളിൽ മാത്രമാണ് ബിന്ദു കോച്ചിംഗ് സെന്ററിൽ പോയത്. എല്ലാ ദിവസവും പരിശീലനത്തിന് പോയ വിവേക് വീട്ടിലെത്തിയാൽ പഠിച്ചത് അമ്മയ്ക്ക് പറഞ്ഞുകൊടുക്കും. പരീക്ഷയ്ക്ക് നാല് മാസം മുൻപ് ബിന്ദു ലീവെടുത്ത് എല്ലാ ദിവസവും മകനൊപ്പം കോച്ചിംഗ് സെന്ററിൽ പോയി. വീട്ടുജോലി കഴിഞ്ഞാൽ ഇരുവരും ഒരുമിച്ചിരുന്നാണ് പഠനം. പരീക്ഷ കഴിഞ്ഞപ്പോൾ നല്ല റാങ്ക് പ്രതീക്ഷിച്ചു.

ഭാഗ്യം തുണച്ചു

ഹിന്ദു ഒ.ബി.സിക്കാർക്ക് 39 വയസ് വരെ പി.എസ്.സിക്ക് അപേക്ഷിക്കാം. 2019ൽ എൽ.ജി.എസ് അപേക്ഷ ക്ഷണിച്ചപ്പോൾ ബിന്ദുവിന് പ്രായം 38. 2021 ഡിസംബറിൽ 40 വയസുള്ളപ്പോഴാണ് പരീക്ഷയെഴുതിയത്. മുൻപ് എൽ.ജി.എസും എൽ.ഡി.സിയും എഴുതിയെങ്കിലും ആയിരത്തിനു മീതെയായിരുന്നു റാങ്ക്. ഒരുമിച്ചുള്ള പഠനമാണ് വിജയം എളുപ്പമാക്കിയതെന്ന് ബിന്ദു പറഞ്ഞു.

ഭർത്താവ് ചന്ദ്രൻ കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്.