ദേശീയപാതയിലെ ഗട്ടറിൽ വീണ് മരണം: 24 മണിക്കൂറിനകം കുഴികൾ അടയ്ക്കുമെന്ന് ടോൾ കമ്പനി
Sunday 07 August 2022 11:18 PM IST
പുതുക്കാട്: നെടുമ്പാശ്ശേരി ദേശീയപാതയിലുണ്ടായ അപകടത്തിൽ പറവൂർ താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ.ഹാഷിം മരിക്കാനിടയായ സംഭവത്തിൽ ജനകീയ സമിതി ടോൾ പ്ലാസ ഉപരോധിച്ചു. 24 മണിക്കൂറിനുള്ളിൽ ദേശീയപാതയിലെ കുഴികൾ അടയ്ക്കുമെന്ന ടോൾ കരാർ കമ്പനി അധികൃതർ നൽകിയ ഉറപ്പിന്മേൽ സമരം അവസാനിച്ചു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി മുജീബ് കരുമാറ്റൂർ,അബ്ദുൾ അസീസ്,ഷഹബാസ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്.
വെള്ളിയാഴ്ച രാത്രി പത്തോടെ റോഡിലെ വളവിൽ ഭീമൻകുഴിയിൽ വീണ് സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ ഹാഷിം പിറകിൽ വന്ന വാഹനം ദേഹത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. കയറിയിറങ്ങിയ വാഹനം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല.