എസ്.എസ്.എൽ.വി കന്നി ദൗത്യം പരാജയം;ഉപഗ്രഹങ്ങൾ പാഴായി

Sunday 07 August 2022 11:24 PM IST

ശ്രീഹരിക്കോട്ട:ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിച്ച് വാണിജ്യ ലാഭമുണ്ടാക്കാൻ ഐ. എസ്. ആർ. ഒ വികസിപ്പിച്ച എസ്.എസ്.എൽ.വി ഡി-1 റോക്കറ്റ് ( സ്‌മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ )​ കന്നിദൗത്യത്തിൽ പരാജയപ്പെട്ടു. ഇന്നലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റിന്റെ സാങ്കേതിക തകരാറു കാരണം തെറ്റായ ഭ്രമണപഥത്തിൽ പ്രതിഷ്‌ഠിച്ച രണ്ട് ഉപഗ്രഹങ്ങൾ ഉപയോഗ ശൂന്യമായി.

137 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹം (എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് - ഇ.ഒ.എസ്–02), 'സ്‌പേസ് കിഡ്സ് ഇന്ത്യ' വിദ്യാർത്ഥി സംഘം നിർമ്മിച്ച എട്ട് കിലോ ഭാരമുള്ള 'ആസാദി സാറ്റ്' എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഭൂമിയിൽ നിന്ന് 356 കിലോമീറ്റർ അകലത്തിൽ വൃത്താകാര ഭ്രമണപഥത്തിനു പകരം 356 x 76 കിലോമീറ്റർ ദീർഘവൃത്ത ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങൾ എത്തിയത്. വിക്ഷേപണത്തിന്റെ ആദ്യ മൂന്ന് ഘട്ടങ്ങൾ വിജയമായിരുന്നു. നാലാം ഘട്ടം വേർപെടുന്നതിലും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് തള്ളുന്നതിലുമാണ് തകരാറുണ്ടായത്. സിഗ്നലുകൾ ലഭിക്കാതായി. ബന്ധം പുനഃസ്ഥാപിക്കാനും ഉപഗ്രഹങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനും തീവ്രശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

ലിക്വിഡ് പ്രോപൽഷൻ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളിലാണ് (വി.ടി.എം) തകരാറുണ്ടായത്. ഇതുകാരണമാണ് രണ്ട് ഉപഗ്രഹങ്ങളെയും കൃത്യമായ ഭ്രമണപഥത്തിൽ പ്രതിഷ്‌ഠിക്കാൻ കഴിയാതിരുന്നത്. അതിനാൽ ഉപഗ്രഹങ്ങൾ ഉദ്ദേശിച്ച പോലെ പ്രവർത്തിക്കില്ലെന്നും ഐ.എസ്.ആർ.ഒ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

സ്‌പേസ്‌കിഡ്സ് ഇന്ത്യ എന്ന സ്റ്റാർട്ടപ്പിന്റെ നേതൃത്വത്തിൽ ഗ്രാമീണമേഖലയിൽ നിന്നുള്ള 750 വിദ്യാർത്ഥിനികൾ വികസിപ്പിച്ചതാണ് ആസാദി സാറ്റ്. ഇതിൽ 50 ഗ്രാം വീതം ഭാരമുള്ള 75 പേലോഡുകളാണ് ഉണ്ടായിരുന്നത്.

എസ്.എസ്.എൽ.വി

പി.എസ്.എൽ.വി, ജി.എസ്.എൽ.വി റോക്കറ്റുകൾക്ക് ശേഷമാണ് എസ്. എസ്. എൽ. വി റോക്കറ്റ് നിർമ്മിക്കുന്നത്.

1993 സെപ്റ്റംബറിൽ പി. എസ്. എൽ. വിയുടെ കന്നി വിക്ഷേപണവും പരാജയമായിരുന്നു.

പി. എസ്. എൽ. വി പിന്നീട് ഐ. എസ്. ആർ. ഒയുടെ വിശ്വസ്ത റോക്കറ്റായി

 ബഹിരാകാശം സ്വകാര്യമേഖലയ്‌ക്ക് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായിരുന്നു എസ്. എസ്. എൽ. വി.

10 മുതൽ 500 കിലോ വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭൂമിയുടെ 500 കിലോമീറ്റർ വരെ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കും.

അടുത്ത ദൗത്യവുമായി തിരിച്ചെത്തും

എസ്.എസ്.എൽ.വി ഡി-1 ദൗത്യത്തിന്റെ പരാജയം പഠിക്കാൻ സമിതിയെ നിയോഗിച്ചു.

എസ്.എസ്.എൽ.വി ഡി 2 ദൗത്യവുമായി തിരിച്ചെത്തും.

-ഐ.എസ്.ആർ.ഒ

Advertisement
Advertisement