അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ്; മൂന്ന് വർഷത്തെ കണക്കെടുക്കുന്നു

Sunday 07 August 2022 11:59 PM IST

തിരുവന്തപുരം: കെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് അനുവദിച്ചത് സംബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ ജില്ലാ ഫയർ ഓഫീസുകളിലെയും കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കെടുക്കുന്നു. 20നകം മുഴുവൻ നിരാക്ഷേപ പത്ര ഫയലുകളും പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് അഗ്നിരക്ഷാ വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗത്തിന് വകുപ്പ് മേധാവി നിർദ്ദേശം നൽകി. നിരാക്ഷേപ പത്രം എടുക്കേണ്ടതായ കെട്ടിടങ്ങൾക്ക് എത്ര ചതുരശ്ര മീറ്റർ വിസ്തീർണമുണ്ടെന്നത് അടിസ്ഥാനമാക്കിയാണ് ഫീസ് ഈടാക്കേണ്ടത്. 1000 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ളതും 15 മീറ്ററിൽ താഴെ ഉയരമുള്ളതുമായ സ്‌കൂൾ കെട്ടിടങ്ങൾക്കും ഹോട്ടൽ കെട്ടിടങ്ങൾക്കും നിരാക്ഷേപ പത്രം ആവശ്യമില്ല. ഹോട്ടലുകൾക്ക് ക്ലാസിഫിക്കേഷൻ എടുക്കുന്നതിനും സ്‌കൂളുകൾക്ക് സി.ബി.എസ്.ഇ അഫിലിയേഷൻ എടുക്കുന്നതിനും കെട്ടിടത്തിന് അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് വേണ്ടിവരാറുണ്ട്. ഈ ആവശ്യത്തിന് അപേക്ഷിച്ചാൽ 2000 രൂപ മാത്രം ഫീസ് ഈടാക്കി സർട്ടിഫിക്കറ്റ് നൽകാമെന്ന് അഗ്നിരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത് ദുരുപയോഗം ചെയ്ത് ഒട്ടേറെ മറ്റു കെട്ടിടങ്ങൾക്കും ഇതേ ഫീസ് വാങ്ങി ചില ജില്ലാ ഓഫീസുകളിൽ സുരക്ഷാ സർട്ടിഫിക്കറ്റ് നൽകിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ്. എന്നാൽ ക്രമക്കട് കണ്ടെത്തിയ ഓഫീസുകളിലുണ്ടായത് സാങ്കേതിക പിഴവെന്നാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം.