ഒന്നര ലക്ഷം ദേശീയ പതാകകൾ നിർമ്മിച്ച് കുടുംബശ്രീ പ്രവർത്തകർ

Monday 08 August 2022 12:13 AM IST

പത്തനംതിട്ട : ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷത്തിനായി ഒന്നര ലക്ഷം ദേശീയ പതാകകൾ കുടുംബശ്രീ പ്രവർത്തകർ നിർമ്മിക്കും. എൺപത് കുടുംബശ്രീ യൂണിറ്റുകളിലെ 113 അംഗങ്ങളാണ് പതാകകൾ നിർമ്മിക്കുക. ഈ പതാകകൾ തദേശ സ്ഥാപനങ്ങൾ വഴി സ്കൂളുകളിലേക്കും വീടുകളിലേയ്ക്കും വിതരണം ചെയ്യും. സി.ഡി.എസ്, എ.ഡി.എസ് കേന്ദ്രീകരിച്ചും വിതരണം നടത്തും. സ്കൂളുകളിലേക്ക് ആവശ്യമായ പതാകകളുടെ എണ്ണം ഹെഡ്മാസ്റ്ററോ പ്രിൻസിപ്പളോ ഡി.ഡി.ഇ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. വീടുകളിലേക്കുള്ളവ അയൽക്കൂട്ടങ്ങൾ വഴിയും സി.ഡി.എസ് വഴിയും എത്തിക്കും. പോളിസ്റ്റർ മിക്സ് തുണി ഉപയോഗിച്ചാണ് പതാക നിർമ്മിക്കുക. ഇരുപത് ഇഞ്ച് വീതിയിലും മുപ്പത് ഇഞ്ച് നീളത്തിലുമാണ് പതാകയുടെ നിർമ്മാണം. ഇത് സംബന്ധിച്ച നിർദേശം എല്ലാ യൂണിറ്റുകൾക്കും അധികൃതർ നൽകിയിട്ടുണ്ട്.

ഒരു പതാകയ്ക്ക് മുപ്പത് രൂപ നിരക്കിലാണ് വിതരണം നടത്തുക.

10,11,12 തീയതികളിൽ പതാക വിതരണം ചെയ്യും.

എൺപത് കുടുംബശ്രീ യൂണിറ്റുകളിൽ

113 അംഗങ്ങളാണ് പതാക നിർമ്മിക്കുന്നത്

സ്വാതന്ത്ര്യദിനം ജില്ലയിൽ
വിപുലമായി ആഘോഷിക്കും

പത്തനംതിട്ട : രാജ്യത്തിന്റെ 76-ാമത് സ്വാതന്ത്ര്യദിനം ജില്ലാ സ്റ്റേഡിയത്തിൽ 15ന് വിപുലമായി ആഘോഷിക്കുന്നതിന് അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട് ബി.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. 11, 12 തീയതികളിൽ പരേഡ് റിഹേഴ്‌സലും 13ന് ഡ്രസ് റിഹേഴ്‌സലും ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. സാംസ്‌കാരിക പരിപാടികൾ, പി.ടി ഡിസ്‌പ്ലേ, ബാൻഡ്‌സെറ്റ് തുടങ്ങിയവ സ്വാതന്ത്ര്യദിനാഘോഷത്തെ ആകർഷകമാക്കും.
കൊവിഡ് മാനദണ്ഡങ്ങളും ഹരിതചട്ടവും പാലിച്ചായിരിക്കും സ്വാതന്ത്ര്യദിനാഘോഷം നടത്തുക. സെറിമോണിയൽ പരേഡിന്റെ പൂർണ ചുമതല പത്തനംതിട്ട എ.ആർ ക്യാമ്പ് അസിസ്റ്റൻഡ് കമാൻഡന്റിനായിരിക്കും. ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഏകോപനം കോഴഞ്ചേരി തഹസീൽദാർ നിർവഹിക്കും. പരേഡ് റിഹേഴ്‌സലിനെത്തുന്നവർക്കുള്ള ലഘുഭക്ഷണം പത്തനംതിട്ട നഗരസഭയും ജില്ലാ പഞ്ചായത്തും ജില്ലാ സപ്ലൈ ഓഫീസും ലഭ്യമാക്കും. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ 10ന് യോഗം ചേരും. വിവിധ വകുപ്പ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

Advertisement
Advertisement