എ.ബി.സി: വന്ധ്യംകരണത്തിന് ഉടക്കിട്ട് കേന്ദ്ര മൃഗക്ഷേമ ബോർഡ്

Monday 08 August 2022 1:19 AM IST

മലപ്പുറം: എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതിയുടെ നിർവഹണ ഏജൻസിയാവാനുള്ള വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയുടെ അപേക്ഷ കേന്ദ്ര മൃഗക്ഷേമ ബോർഡ് തള്ളിയത് തെരുവുനായകളുടെ വന്ധ്യംകരണത്തിന് വിലങ്ങുതടിയാവുന്നു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം മുന്നോട്ടുവച്ച നിർദ്ദേശം സംസ്ഥാന മൃഗക്ഷേമ ബോർഡ് അംഗീകരിച്ചിരുന്നു. തുടർനടപടിക്കായി കേന്ദ്ര മൃഗക്ഷേമ ബോർഡിന് കൈമാറിയപ്പോഴാണ് മൂന്ന് വർഷമായി വന്ധ്യംകരണ രംഗത്തുള്ള എൻ.ജി.ഒയ്ക്ക് മാത്രമേ അനുമതി നൽകാനാവൂ എന്ന് ബോർഡ് നിലപാടെടുത്തത്. ഇത്തരത്തിലുള്ള എൻ.ജി.ഒ കേരളത്തിൽ കുറവാണ്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ അപ്പീൽ നൽകിയിട്ടുണ്ട്. ഇതു പരിഗണിക്കുമ്പോൾ സംസ്ഥാനത്ത് മതിയായ വന്ധ്യംകരണ സംവിധാനങ്ങൾ ഇല്ലാത്തത് ചൂണ്ടിക്കാട്ടപ്പെടുമോയെന്ന ആശങ്കയും ‌ഡോക്ടർമാർക്കുണ്ട്.

2021 ജനുവരിയിലാണ് സംസ്ഥാന മൃഗ ക്ഷേമ ബോർഡിന് മുന്നിൽ ഡോക്ടർമാരുടെ സംഘടന ആശയം മുന്നോട്ടുവച്ചത്. ശസ്ത്രക്രിയക്കുള്ള തിയേറ്റർ, ഓപ്പറേഷന് ശേഷം നായകളെ സംരക്ഷിക്കാനുള്ള സൗകര്യം അടക്കമുള്ളവ തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കിയാൽ ഡോക്ടർമാരുടെ സേവനം സംഘടന ഉറപ്പാക്കും വിധത്തിലായിരുന്നു പദ്ധതി. സർക്കാർ സർവീസിന് പുറത്തുള്ള വെറ്ററിനറി ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ നിയോഗിക്കും. സംഘടനയ്ക്ക് കീഴിൽ 2,000ത്തോളം ഡോക്ടർമാരുണ്ട്. തെരുവുനായകളെ പിടിക്കുന്നവർക്കും പരിശീലനമേകും.

ജില്ലാ പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ കുടുംബശ്രീ വഴി നടത്തിയിരുന്ന വന്ധ്യംകരണത്തിനെതിരെ കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഇതോടെ മിക്കയിടത്തും വന്ധ്യംകരണം നിലച്ചു. കൊല്ലം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നാമമാത്രമായ എ.ബി.സി കേന്ദ്രങ്ങളിൽ വന്ധ്യംകരണത്തിന് സംവിധാനമുണ്ട്. ഇവിടങ്ങളിൽ മൃഗ സംരക്ഷണ വകുപ്പ് നേരിട്ട് വന്ധ്യംകരണം നടത്തുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമല്ല. ഈ സാഹചര്യത്തിലാണ് വെറ്ററിനറി ഡോക്ടർമാരുടെ സംഘടന സഹകരണവുമായി രംഗത്തുവന്നത്.

വരും എ.ബി.സി കേന്ദ്രങ്ങൾ

രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരു വന്ധ്യംകരണ കേന്ദ്രമെന്ന വിധത്തിൽ ജില്ലയിൽ ഏഴ് എ.ബി.സി കേന്ദ്രം തുടങ്ങാനുള്ള പദ്ധതി ജില്ലാ മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ.പി സ്‌കൂൾ വളപ്പിൽ വച്ച് നാലാം ക്ലാസുകാരന് പേപ്പട്ടിയുടെ കടിയേറ്റ് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് പ്രതിഷേധം ശക്തമായതോടെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം എ.ബി.സി കേന്ദ്രം തുടങ്ങാനുള്ള പദ്ധതിക്ക് വേഗം കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഫണ്ട് വകയിരുത്തുന്നതും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചും കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങിയാൽ ഇക്കാര്യം കേന്ദ്ര മൃഗക്ഷേമ ബോർഡിന് മുന്നിൽ ചൂണ്ടിക്കാട്ടാനാവുമെന്ന പ്രതീക്ഷ വെറ്ററി നറി ഡോക്ടർമാരുടെ സംഘടനയ്ക്കുണ്ട്.

Advertisement
Advertisement