എം.ഡി.എം.എയും കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ

Monday 08 August 2022 2:02 AM IST


പെരിന്തൽമണ്ണ: ഓണാഘോഷത്തിന് മുന്നോടിയായി എക്സൈസ് വിഭാഗം കൂട്ടിലങ്ങാടി, രാമപുരം ഭാഗങ്ങളിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ എം.ഡി.എം.എയുമായി നാലുപേരെ അറസ്റ്റ് ചെയ്തു.രാമപുരത്ത് വാടകയ്ക്ക് താമസിക്കുന്ന തിരൂർ വൈലത്തൂർ സ്വദേശി ജാഫറലി (37), വടക്കേമണ്ണ പാടത്തു പീടിയേക്കൽ മുഹമ്മദ് ഉനൈസ് (25), ചെമ്മങ്കടവ് പൂവൻതൊടി മുഹമ്മദ് മാജിദ് (26), കൂട്ടിലങ്ങാടി മെരുവിൻകുന്ന് പാലൻപടിയാൻ മുഹമ്മദ് ഫഹദ് (19) എന്നിവരാണ് പിടിയിലായത്.
കോളേജ് വിദ്യാർത്ഥികൾക്ക് മില്ലിഗ്രാമിന് 500 രൂപയ്ക്ക് എം.ഡി.എം.എയും കഞ്ചാവും വിൽക്കുന്ന സംഘമാണ് വലയിലായത്. വാടകയ്ക്ക് റൂമിൽ വച്ച് നൂറു മില്ലിഗ്രാം മുതലുള്ള ചെറു പൊതികളാക്കി വാഹനത്തിൽ കറങ്ങി നടന്നായിരുന്നു വിൽപ്പന. ആവശ്യക്കാരായ വിദ്യാർത്ഥികളെ തിരൂർക്കാട്, കൂട്ടിലങ്ങാടി റോഡിൽ വിളിച്ചുവരുത്തി പലപ്രാവശ്യം നിരീക്ഷിച്ച് എക്‌സൈസും പൊലീസും പിന്തുടരുന്നില്ലെന്ന് ഉറപ്പാക്കിയായിരുന്നു വിൽപ്പന.
അവശ്യക്കാരെന്ന വ്യാജേനയാണ് എക്സൈസ് സംഘം ഇവരെ വലയിലാക്കിയത്. ഇവരിൽ നിന്നും 21.510 ഗ്രാം എം.ഡി.എം.എ, 140 ഗ്രാം കഞ്ചാവ്, ഒരു സ്വിഫ്റ്റ് കാർ, 4 മൊബൈൽ ഫോൺ, 16,950 രൂപ എന്നിവയും പിടിച്ചെടുത്തു.
എക്‌സൈസ് സംഘത്തിൽ ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടറും ഉത്തര മേഖല സ്‌ക്വാഡ് ഇൻസ്‌പെക്ടറുമായ മുഹമ്മദ് ഷഫീഖ്, ഉത്തരമേഖല കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ ഷിബു ശങ്കർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പ്രദീപ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിധിൻ ചോമാരി, പി.ബി വിനീഷ്, പെരിന്തൽമണ്ണ റേഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഹരിദാസൻ, പ്രിവന്റീവ് ഓഫീസർമാരായ വി. കുഞ്ഞിമുഹമ്മദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എസ്.അരുൺകുമാർ, സി ദിനേഷ്, വി.തേജസ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ സജ്ന എന്നിവരും ഉണ്ടായിരുന്നു.

Advertisement
Advertisement