സംവരണ മേഖലകൾ ചുരുങ്ങുന്നു : മന്ത്രി പി.രാജീവ്

Monday 08 August 2022 2:46 AM IST

കൊച്ചി: സംവരണം ലഭിക്കുന്ന മേഖലകൾ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കേരള കുഡുംബി ഫെഡറേഷന്റെ 49ാം സംസ്ഥാന സമ്മേളനം എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതു സംവിധാനത്തിനകത്ത് നിയമനങ്ങൾ പരിമിതപ്പെടുന്നത് കാണാതെ പോകരുത്. കുടുംബി സമുദായത്തിന് സാമൂഹിക തുല്യത അനിവാര്യമാണ്. ഇതിന് സർക്കാരിന്റെ പിന്തുണ ഉണ്ടാകും. രാജ്യസഭാംഗമായിരിക്കെ സംവരണ ആവശ്യവുമായി സമുദായ നേതാക്കൾക്കൊപ്പം കേന്ദ്രമന്ത്രിമാരെ കണ്ടിരുന്നു. അനുഭാവ പൂർണമായ നിലപാടായിരുന്നെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.കെ.കെ.എഫ് സംസ്ഥാന പ്രസിഡന്റ് ഓലയിൽ ജി. ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. സുധീർ, വൈസ് പ്രസിഡന്റ് ടി.എസ്. രാജൻ, ടി.ജെ.വിനോദ് എം.എൽ.എ, സി.കെ. പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.