ഇന്ത്യയ്ക്ക് വിലക്ക് ഭീഷണിയുമായി ഫിഫ

Monday 08 August 2022 2:51 AM IST

ന്യൂഡൽഹി : ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭരണസമിതി (എ.ഐ.എഫ്.എഫ്) പിരിച്ചുവിട്ട് ഉടൻ തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീം കോടതി നീക്കത്തിനെതിരെ അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫ . കോടതി ഉത്തരവിന്റെ പൂർണരൂപം ഉടൻ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ട ഫിഫ ൾ ഭരണസമിതി, ഇതു വിശദമായി പരിശോധിച്ച ശേഷം നടപടി പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.

ഫിഫയുടെ നയങ്ങൾക്കു വിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഫുട്ബോൾ ഫെഡറേഷനെ വിലക്കുകയും ഒക്ടോബറിൽ ഇന്ത്യ ആതിഥ്യം വഹിക്കേണ്ട അണ്ടർ 17 വനിതാ ലോകകപ്പ് വേദി ഇവിടെനിന്നു മാറ്റുകയും ചെയ്യുമെന്നാണ് വിശദീകരണം. ദേശീയ ഫെഡറേഷനുകൾക്ക് അംഗീകാരം നൽകേണ്ടത് തങ്ങളാണെന്നും അതിൽ മറ്റ് ഘടകങ്ങൾ ഇടപെട്ടാൽ വിലക്ക് നേരിടേണ്ടിവരുമെന്നും ഫിഫ നേരത്തേയും മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മാസം 28ന് തിരഞ്ഞെടുപ്പു നടത്താനാണ് സുപ്രീം കോടതി വിധി.