മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയായി; ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു, കൂടുതൽ വെള്ളം തുറന്നുവിട്ടേക്കും

Monday 08 August 2022 6:51 AM IST

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 2380.18 അടിയാണ് ഡാമിലെ ജലനിരപ്പ്. നിലവിൽ രണ്ട്, മൂന്ന്, നാല് നമ്പർ ഷട്ടറുകൾ ഉയർത്തി സെക്കൻഡിൽ ഒരുലക്ഷം ലിറ്റർ ജലമാണ് പുറത്തേക്ക് വിടുന്നത്.

ഞായറാഴ്ച രാവിലെ 10ന് ജലനിരപ്പ് 2384.22 അടിയിലെത്തിയപ്പോൾ ആദ്യം മൂന്നാം നമ്പർ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി. 10.30ന് ഇത് 75 സെന്റി മീറ്ററാക്കി. എന്നാൽ ജലനിരപ്പ് റുൾലെവലിനെക്കാൾ കൂടിയതല്ലാതെ കുറഞ്ഞില്ല. തുടർന്ന് വൈകിട്ട് 4.45ന് രണ്ടാം നമ്പർ ഷട്ടറും, അഞ്ച് മണിക്ക് നാലാം നമ്പർ ഷട്ടറും 40 സെന്റി മീറ്റർ വീതം ഉയർത്തി.

വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം എത്താനുള്ള സാദ്ധ്യതയും കണക്കിലെടുത്ത് അണക്കെട്ടിലെ കൂടുതൽ ഷട്ടറുകൾ ഇന്ന് ഉയർത്തിയേക്കും. സെക്കൻഡിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളം വരെ തുറന്നുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138.75 അടിയായി ഉയർന്നു.