ഇടുക്കിയും മുല്ലപ്പെരിയാറും കൂടുതൽ തുറന്നു, വെള്ളം ജനവാസ മേഖലകളിലേക്ക്, ആളുകളെ ഒഴിപ്പിക്കുന്നു

Monday 08 August 2022 12:32 PM IST

ഇടുക്കി: ഇടുക്കി ഡാമിൽ നിന്ന് ഒഴുക്കി വിട്ട കൂടുതൽ വെള്ളം ജനവാസ മേഖലയിലേക്ക് എത്തിത്തുടങ്ങി. തടിയമ്പാട് ചപ്പാത്തിൽ റോഡിന് സമീപത്തുവരെ വെള്ളം ഉയർന്നതിനെ തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചുതുടങ്ങി. ചെറുതോണി പുഴയിലെ വെള്ളം 2.30 സെ.മീ കൂടി.അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തതിനെ തുടർന്നാണ് കൂടുതൽ വെള്ളം തുറന്നുവിടാൻ തുടങ്ങിയത്. നേരത്തെ തുറന്ന മൂന്ന് ഷട്ടറുകളും 80 സെ. മീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ ഒന്നരലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2385.18 അടിയാണ് ജലനിരപ്പ്.

ഇടുക്കിയ്‌ക്കൊപ്പം മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.15 അടിയാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് വള്ളക്കടവിന് സമീപം കടശ്ശിക്കാടു ആറ്റോരത്തെ ഒരു വീട്ടിൽ വെള്ളം കയറിയെന്നും റിപ്പോർട്ടുണ്ട്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 5040 ഘനയടി വെള്ളമാണ് ഇപ്പോള്‍ പെരിയാറിലേക്ക് ഒഴുകുന്നത്. ഇതുകൂടി കണക്കിലെടുത്താണ് ഇടുക്കിയിലെ ഷട്ടർ കൂടുതൽ ഉയർത്തിയത്.

മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പിൽ ആശങ്കപ്പെടാനില്ലെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കുന്നത്. തമിഴ്നാട് ഇപ്പോൾ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറവാണെന്നും അത് കൂട്ടിയാൽ കൂടുതൽ ആശ്വാസകാരമാകുമെന്നും അദ്ദേഹം പറഞ്ഞു. വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക് ശക്തമായതാണ് ഡാമുകളിൽ ജലനിരപ്പ് ഉയരാൻ കാരണം. ഇടുക്കി ഉൾപ്പടെയുള്ള പലയിടങ്ങളിലും ഇപ്പോഴും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ആളിയാർ ഡാമിൽ നിന്നുള്ള നീരാെഴുക്കും കൂടിയിട്ടുണ്ട്.