ഇടുക്കിയുടെ എല്ലാ ഷട്ടറുകളും തുറന്നു, ചപ്പാത്തിൽ വെള്ളം കയറി; പമ്പ മാട്ടുപ്പെട്ടി ഡാമുകളും തുറക്കും

Monday 08 August 2022 4:20 PM IST

ഇടുക്കി: നീരൊഴുക്ക് വർദ്ധിച്ചതോടെ ഇടുക്കി ഡാമിലെ എല്ലാ ഷട്ടറുകളും തുറന്നു. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് നേരത്തേ തുറക്കാതിരുന്ന രണ്ട് ഷട്ടർകൂടി തുറന്നത്. ഇതോടെ സെക്കന്റില്‍ രണ്ടരലക്ഷം ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഇതോടെ തടിയമ്പാട് ചപ്പാത്തിൽ വെള്ളംകയറിയിട്ടുണ്ട്. വെള്ളംകയറാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും ജാഗ്രതാ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴപെയ്യുന്നതിനൊപ്പം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേയിൽ നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിച്ചതുമാണ് ഇടുക്കിയിലെ ജലനിരപ്പ് ഉയർത്തിയത്. പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ 40 സെ.മി ആയി ഉയർത്തി. മാട്ടുപ്പെട്ടി ഡാമിൻ്റെ ഷട്ടറുകളും പത്തനംതിട്ടയിലെ പമ്പ അണക്കെട്ടും ഇന്ന് വൈകിട്ടോടെ തുറക്കും.

നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.15 അടിയാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് വള്ളക്കടവിന് സമീപം കടശ്ശിക്കാടു ആറ്റോരത്തെ ഒരു വീട്ടിൽ വെള്ളം കയറിയെന്നും റിപ്പോർട്ടുണ്ട്. സെക്കന്റില്‍ 5040 ഘനയടി വെള്ളമാണ് ഇപ്പോള്‍ പെരിയാറിലേക്ക് ഒഴുകുന്നത്.

Advertisement
Advertisement