മഹീന്ദ്രയുടെ ജീത്തോ പ്ലസ് സി.എൻ.ജി 400 വിപണിയിൽ

Tuesday 09 August 2022 3:45 AM IST

കൊച്ചി: മഹീന്ദ്രയുടെ പുതിയ ചെറു വാണിജ്യവാഹനമായ ജീത്തോ പ്ളസ് സി.എൻ.ജി ചാർസൗ (400) വിപണിയിലെത്തി. നോൺ-സ്‌റ്റോപ്പായി 400 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്ന കരുത്തുമായാണ് പുത്തൻ ജീത്തോ അവതരിപ്പിക്കുന്നതെന്ന് മഹീന്ദ്ര വ്യക്തമാക്കി.

40, 28 എന്നിങ്ങനെ ശേഷികളിൽ മൊത്തം 68 ലിറ്ററിന്റെ രണ്ട് സി.എൻ.ജി ടാങ്കുകളാണുള്ളത്. ശ്രേണിയിലെ ഏറ്റവും ഉയർന്ന കിലോയ്ക്ക് 35 കിലോമീറ്റർ മൈലേജും പുത്തൻ ജീത്തോ വാഗ്ദാനം ചെയ്യുന്നു. 7.4 അടി നീളമുള്ളതാണ് കാർഗോ ബോക്‌സ്. പേലോഡ് ശേഷി 650 കിലോഗ്രാം. 4.3 മീറ്റർ ടേണിംഗ് റേഡിയസ്, 2500 എം.എം വീൽബേസ്, 20 എച്ച്.പി കരുത്തും 44 എൻ.എം ടോർക്കുമുള്ള മികച്ച എൻജിൻ, 165 എം.എം. ഗ്രൗണ്ട് ക്ളിയറൻസ്, രണ്ടുപേർക്കുള്ള സീറ്റിംഗ് എന്നിങ്ങനെ ധാരാളം മികവുകളുണ്ട്.

മികച്ച മൈലേജും കുറഞ്ഞ മെയിന്റൻസ് കോസ്‌റ്റുമായി ഉടമയ്ക്ക് മികച്ച സാമ്പത്തികനേട്ടം നൽകുന്ന മോഡലാണ് പുത്തൻ ജീത്തോയെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് എസ്.സി.വി ഡിവിഷൻ ബിസിനസ് ഹെഡ് അമിത് സാഗർ പറഞ്ഞു.

₹5.26 ലക്ഷം

പുത്തൻ ജീത്തോയ്ക്ക് 5.26 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇത് പ്രത്യേക ഓഫർ വിലയാണ്.

ഓണം ആനുകൂല്യങ്ങൾ

20ലേറെ ഔട്ട്‌ലെറ്റുകളും സർവീസ് സെന്ററുകളും മഹീന്ദ്രയ്ക്ക് കേരളത്തിലുണ്ടെന്ന് അമിത് സാഗർ പറഞ്ഞു. കമ്പനിയുടെ മികച്ച വിപണികളിലൊന്നാണ് കേരളം. ഓണംവിപണിയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഓണക്കാലത്ത് പ്രത്യേക ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.