കെട്ടിട സെസ് പിരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ

Tuesday 09 August 2022 12:00 AM IST

കണ്ണൂർ:നിർമ്മാണ തൊഴിലാളികൾക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കെട്ടിട ഉടമകളിൽ നിന്ന് സെസ് പിരിക്കുന്ന ചുമതല തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറാൻ തീരുമാനമായി.

പത്ത് ലക്ഷവും അതിൽ കൂടുതലും നിർമ്മാണച്ചെലവ് വരുന്ന കെട്ടിടങ്ങൾക്കാണ് ഉടമകളിൽ നിന്ന് ഒരു ശതമാനം സെസ് ഈടാക്കുന്നത്.

തൊഴിൽ വകുപ്പും കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡും ഇക്കാര്യത്തിൽ ധാരണയിലെത്തി. സെസ് സമാഹരണം ഊർജ്ജിതമാവുന്നതോടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കെട്ടിട നിർമ്മാണ പൂർത്തീകരണ സർട്ടിഫിക്കറ്റിനും കെട്ടിട നമ്പർ ലഭിക്കാനും സെസ് അടച്ച രസീത് ഹാജരാക്കണം.

തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കായിരിക്കും സെസ് പിരിവിന്റെ ചുമതല. സോഫ്റ്റ്‌വെയറും തയ്യാറാക്കുന്നുണ്ട്. രണ്ട് മാസത്തിനകം പ്രവർത്തനം പൂർണതോതിലാകും. വീടുകൾ തോറും നോട്ടീസ് നൽകാൻ കുടുംബശ്രീ പ്രവർത്തകരുടെ സഹായവും തേടും. പിരിച്ചെടുക്കുന്ന സെസിന്റെ ചെറിയൊരു വിഹിതം തദ്ദേശസ്ഥാപനങ്ങൾക്കും നൽകും.

വില്ലേജ് ഓഫീസർ തയ്യാറാക്കി അയയ്ക്കുന്ന റിപ്പോർട്ട് പ്രകാരം ജില്ലാ ലേബർ ഓഫീസ് വഴിയാണ് സെസ് പിരിച്ചിരുന്നത്.നിലവിൽ പൂർത്തിയായ കെട്ടിടങ്ങളുടെ സെസ് പഴയ രീതിയിൽ പിരിച്ചെടുക്കും.നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾക്കായാണ് സെസ് ഉപയോഗിക്കുന്നത്.

കുടിശിക 800 കോടി,

നാലിലൊന്നും കിട്ടിയില്ല

1995 മുതൽ നിർമ്മിച്ച കെട്ടിടങ്ങൾക്കാണ് സെസ് ഏർപ്പെടുത്തിയത്.സെസ് അടയ്ക്കുന്നതിൽ കുടിശിക വരുത്തിയ ഒരുലക്ഷത്തോളം പേർക്ക് ക്ഷേമനിധി ബോർഡ് നോട്ടീസ് അയച്ചിട്ടുണ്ട്.

800 കോടിയോളം കുടിശികയുണ്ടെങ്കിലും നാലിലൊരുഭാഗം പോലും ലേബർ ഓഫീസർമാർക്ക് പിരിച്ചെടുക്കാനായില്ല. കൊവിഡ് കാലത്ത് കുടിശിക സമാഹരണം പൂർണമായി മുടങ്ങി.

ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സെസ് പിരിച്ചെടുക്കൽ തദ്ദേശസ്ഥാപനങ്ങളെ ഏൽപ്പിക്കുന്നതിലൂടെ പ്രവർത്തനം ഊർജിതമാക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.

`വീട്, കെട്ടിട ഉടമകൾക്ക് സെസ് സാമ്പത്തിക ബാദ്ധ്യതയാകില്ല. ഗഡുക്കളായി അടയ്ക്കാനുള്ള സംവിധാനവും നിലവിലുണ്ട്. '

-വി.ശിവൻകുട്ടി, തൊഴിൽമന്ത്രി

`സെസ് പിരിവ് മുടങ്ങുന്നതു കാരണം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് ചുമതല കൈമാറുന്നതോടെ ഇതു പരിഹരിക്കാനാവും.'

-വി.ശശികുമാർ, ചെയർമാൻ,

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ്