എ. രാജ എം.എൽ.എയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയെന്ന് പരാതി
മൂന്നാർ: ദേവികുളം എം.എൽ.എ അഡ്വ. എ. രാജയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയെന്ന് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഡി. കുമാർ പൊലീസിൽ പരാതി നൽകി. ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് ഹർജി നൽകിയതിന്റെ വൈരാഗ്യത്തിൽ അപായപ്പെടുത്തുമെന്നാണ് ഭീഷണിയെന്നാണ് കുമാർ മൂന്നാർ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നത്.
അഞ്ചിന് രാത്രി 8.38ന് എം.എൽ.എയുടെ സഹോദരൻ എ. ശക്തിവേൽ തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഹൈക്കോടതിയിലുള്ള കേസ് പിൻവലിച്ചില്ലെങ്കിൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്ന് രാത്രി തന്നെ 8.58ന് മറ്റൊരു വ്യക്തിയും ഫോൺ ചെയ്ത് കൊന്ന് കളയുമെന്ന് പറഞ്ഞു. പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും മൂന്നാർ ഡിവൈ.എസ്.പി പറഞ്ഞു. പട്ടികജാതി വിഭാഗക്കാർക്ക് സംവരണം ചെയ്ത ദേവികുളം മണ്ഡലത്തിൽ ക്രൈസ്തവ സഭാംഗമായ എ. രാജ വ്യാജ ജാതി സർട്ടിഫിക്കറ്റ് നേടിയാണ് മത്സരിച്ചതെന്ന് ആരോപിച്ചാണ് കുമാർ ഹർജി ഫയൽ ചെയ്തത്. രാജയുടെ ജാതി വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ സി.എസ്.ഐ കൊച്ചി മഹായിടവക ബിഷപ്പിനോട് കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു.