അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കൂട്ടായ പ്രവർത്തനമില്ല, ഏകീകരിക്കാൻ പ്രോട്ടോക്കോൾ നടപ്പാക്കും

Tuesday 09 August 2022 12:36 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ അവയവമാറ്റ ശസ്ത്രക്രിയകളിൽ കൂട്ടായപ്രവർത്തനമില്ലെന്നും ആർക്കും ഉത്തരവാദിത്വമില്ലെന്നും സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവയ്‌ക്കലിന് പിന്നാലെ രോഗി മരിച്ച സംഭവത്തെ തുടർന്നാണ് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ആശാതോമസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. റിപ്പോർട്ട് മന്ത്രി വീണാജോർജിന് സമർപ്പിച്ചു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവയവമാറ്റ ശസ്ത്രക്രിയ നടപടി ഏകീകരിക്കാൻ പ്രോട്ടോക്കോൾ നടപ്പാക്കും. ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവുമുള്ള അവയവദാനങ്ങൾ പ്രോട്ടോകോളിന് കീഴിൽ വരും. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. അവയവദാനം റിപ്പോർട്ട് ചെയ്യുന്നത് മുതൽ വിന്യാസം, ശസ്ത്രക്രിയ, തുടർ ചികിത്സ എന്നിവയിൽ വ്യക്തമായ മാനദണ്ഡം കൊണ്ടുവരും. അന്വേഷണ റിപ്പോർട്ടിന് പിന്നാലെ ഉന്നതലയോഗം വിളിച്ചാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. നിലവിൽ ഏകോപന ചുമതയുള്ള കെ സോട്ടോയും മെഡിക്കൽ കോളേജുകളും പരസ്‌പരം പഴിചാരുകയാണ്.

പ്രോട്ടോക്കോളിലെ പ്രധാന വ്യവസ്ഥകൾ

 അവയമാറ്റ ശസ്ത്രിയക്ക് ഡോക്ടർമാരുടെ പ്രത്യേക ടീം

 തടസങ്ങൾ പരിഹരിക്കാൻ മറ്റൊരു ടീം

 രണ്ട് സംഘങ്ങളെ ചേർത്ത് ആശുപത്രികളിൽ ട്രാൻസ്‌പ്ലാന്റ് ടീം

 പരീശീലനം നേടിയ ജീവനക്കാരെ മെഡി. കോളേജുകളിൽ സജ്ജമാക്കണം

 10-15 വർഷം പരിചയമുള്ള അദ്ധ്യാപകരെയും സംഘത്തിലുണ്ടാകണം

 വഴിത്തിരിവായത് കേരള കൗമുദി

ജൂൺ 19നാണ് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച വൃക്ക നാല് മണിക്കൂർ കാത്തുവച്ച ശേഷം ശസ്ത്രിക്രിയ നടത്തിയ വാർത്ത കേരളകൗമുദിയാണ് റിപ്പോർട്ട് ചെയ്‌തത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ തിരുവനന്തപുരം കാരക്കോണം സ്വദേശി സുരേഷ്‌കുമാർ മരിച്ചിരുന്നു. തുടർന്ന് യൂറോളജി, നെഫ്രോളജി മേധാവിമാരായ ഡോ. എസ്. വാസുദേവൻ, ഡോ. ജേക്കബ് ജോർജ് എന്നിവരെ സസ്‌പെൻഡ് ചെയ്‌തു. സസ്‌പെൻഷൻ നടപടികൾ അവസാനിപ്പിച്ച് ഇരുവരെയും സർവീസിൽ തിരിച്ചെടുക്കുമെന്നാണ് വിവരം. അതേസമയം അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും സ്ഥലം മാറ്റുമെന്നും സൂചനയുണ്ട്. നെഫ്രോളി മേധാവിയായി ജേക്കബ് ജോർജിന് പകരം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഡോ. നൗഷാദ് ചുമതയേറ്റിരുന്നു.

Advertisement
Advertisement