ഡോക്ടറുടെ നിർദേശം അവഗണിച്ച് സ്വയം പ്രസവമെടുത്തു; മൂന്നാം ദിവസം തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി കുഞ്ഞ് മരിച്ചു

Tuesday 09 August 2022 10:40 AM IST

മലപ്പുറം: ഡോക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച് വീട്ടിൽ നടത്തിയ പ്രസവത്തിൽ ജനിച്ച ആൺകുഞ്ഞ് മൂന്നാംദിവസം മരിച്ചു. മലപ്പുറം തലക്കാട് പഞ്ചായത്തിലെ വെങ്ങാലൂരാണ് സംഭവം. ഈ മാസം അഞ്ചാം തീയതിയാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. അക്യുപങ്‌ചറിസ്റ്റുകളായ മാതാപിതാക്കളാണ് ഡോക്ടറുടെ നിർദേശം അവഗണിച്ച് സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ പ്രവസവമെടുത്തത്.

വീട്ടിൽ വച്ച് പ്രസവമെടുക്കരുതെന്ന് മാതാപിതാക്കളോട് തലക്കാട് കുടുംബാരോഗ്യ മെഡിക്കൽ ഓഫീസർ നേരത്തെ അറിയിച്ചിരുന്നു. ഇവർക്ക് ആവശ്യമായ ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്നു. യുവതിയുടെ കഴിഞ്ഞ മൂന്ന് പ്രസവങ്ങളും സിസേറിയനായിരുന്നതിനാൽ സ്വയം പ്രസവമെടുക്കുന്നത് അപകടമാണെന്ന് ഡോക്ടർമാർ മാതാപിതാക്കളെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് വൈദ്യസഹായം ആവശ്യമില്ലെന്നായിരുന്നു മാതാപിതാക്കളുടെ മറുപടി. എന്നാൽ തിങ്കളാഴ്ച പുലർച്ചയോടെ കുട്ടി മരണപ്പെട്ടു. കാരത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് മരണം സ്ഥിരീകരിച്ചത്. പിന്നാലെ രാവിലെ പത്ത് മണിയോടെ കുഞ്ഞിന്‍റെ മൃതദേഹം സംസ്‌കരിച്ചു.

മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കാട്ടി പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ പൊലീസിൽ പരാതി നൽകി. തുടർന്ന് തിരൂർ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. എന്നാൽ മരണത്തിൽ സംശയമോ പരാതിയോ ഇല്ലെന്നാണ് വീട്ടുകാർ മൊഴി നൽകിയത്. കുഞ്ഞിനെ പരിശോധിച്ച് മരണം സ്ഥിരീകരിച്ച ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് ഡോക്ടർ പൊലീസിനെ അറിയിച്ചത്.

Advertisement
Advertisement