കമലഹാസൻ  കണ്ടെത്തിയ  ആളാണ് ആ ഗംഭീര ഫീൽ തന്നത്, മലയാളികളുടെ കയ്യിൽ കിട്ടിയാൽ പുറത്തേക്ക് വിടില്ല

Tuesday 09 August 2022 3:22 PM IST

പ്രവാസി ജീവിതത്തിലെ യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണ് 'ടു മെൻ'. ഇർഷാദ്, എം.എ നിഷാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. കെ സതീഷ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ബിനു പപ്പൻ, ലെന, ആര്യ തുടങ്ങി ഒട്ടേറെ താരങ്ങൾ എത്തുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് താരങ്ങൾ. കൗമുദി മൂവീസിലൂടെയായിരുന്നു ഇവരുടെ പ്രതികരണം.

'എനിക്ക് നല്ല സുഖമായിരുന്നു. കംഫർട്ടബിൽ സ്റ്റേയും ഷോപ്പിംഗും. ഇടയ്ക്ക് സമയം കിട്ടുമ്പോൾ അഭിനയിക്കും. എനിക്കിത് ബിഗ് ബജറ്റ് മൂവിയാണ്. വലിയൊരു താരനിര ചിത്രത്തിലുണ്ട്. തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രമാണിത്. ഇതിലെ ക്യാമറാമാനെ മലയാളികളുടെ കൈയ്യിൽ കിട്ടിയാൽ പിന്നെ പുറത്തേക്ക് വിടില്ല'- ലെന പറഞ്ഞു.

കമലഹാസൻ കണ്ടെത്തിയ ആളാണ് ചിത്രത്തിന്റെ ക്യാമറാമാനെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടി. മലയാളത്തിൽ അധികം ഉപയോഗിച്ചിട്ടില്ലാത്ത ക്യാമറയാണ് ചിത്രത്തിന് വേണ്ടി കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'മരുഭൂമിയും കടലും ഗംഭീരമായി ഫീൽ ചെയ്യുന്നൊരു ചിത്രമാണിത്. അതിന് വലിയൊരു പങ്കുവഹിച്ചത് സിദ്ധാർത്ഥ് രാമസ്വാമി അയ്യർ എന്ന ക്യാമറാമാനാണ്. ബ്രില്ല്യന്റ് ക്യാമറാമാനാണ്. അദ്ദേഹത്തിന്റെ മലയാളത്തിലെ ആദ്യ ചിത്രമാണിത്. രാജ്‌ കമൽ ഫിലിംമിന്റെ നാലഞ്ച് ചിത്രം അദ്ദേഹം ചെയ്‌തിട്ടുണ്ട്. മാധവനൊക്കെ അഭിനയിച്ച പടങ്ങളിൽ വർക്ക് ചെയ്‌തിട്ടുണ്ട്'- ഇർഷാദ് പറഞ്ഞു.