പൈലറ്റാകാൻ ലോകത്ത് ഏറ്റവുമധികം താൽപര്യമുള്ളവർ ഇന്ത്യൻ വനിതകളാണ്, കാരണം എന്തെന്ന് അറിയുമോ?

Tuesday 09 August 2022 3:49 PM IST

യാത്രക്കാർ ആരെങ്കിലും കാണുന്നതിന് മുമ്പ് നീ ഓടി കോക്ക്‌പിറ്റിൽ കയറൂ...നിവേദിതാ ഭാസിനോട് സഹപ്രവർത്തകർ പറഞ്ഞതാണിത്. ആരാണ് ഈ നിവേദിതാ ഭാസിൻ? എന്തിനാണ് കോക്ക്പിറ്റിൽ ഓടിക്കയറാൻ കൂടെയുള്ളവർ അവരോട് ആവശ്യപ്പെട്ടത്, അതും ആരും കാണാതെ? നിവേദിത, ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ എയർലൈൻ ക്യാപ്‌ടൻ എന്ന വിശേഷണത്തിന് അർഹയായ ഇന്ത്യൻ വനിതയാണ്. 1989ൽ ആണ് അവർ ഈ അത്യുജ്ജ്വല നേട്ടം കൈവരിച്ചത്. നിവേദിത ആ നേട്ടത്തിലെത്തുമ്പോൾ ഇന്ത്യൻ വ്യോമയാന മേഖല ഇന്നുകാണുന്ന തരത്തിലായിരുന്നില്ല. സ്ത്രീകളെ പൈലറ്റ് വേഷത്തിൽ ചിന്തിക്കാൻ പോലും അന്നത്തെ ജനതയ്‌ക്ക് സാധിക്കുമായിരുന്നില്ല.

എന്തെങ്കിലും അപകടം ഉണ്ടാകുമോ? ഒരു സ്ത്രീ വിമാനം പറത്തിയാൽ ശരിയാകുമോ? എന്നിങ്ങനെയൊക്കെയുള്ള നൂറായിരം സംശയങ്ങൾ സമൂഹത്തിനുണ്ടായിരുന്നു. അതെല്ലാം അതിജീവിച്ചുകൊണ്ടാണ് നിവേദിത, ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനമായി തീർന്നത്. കാലം മാറി, മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇന്ന് ഏറ്റവും കൂടുതൽ വനിത പൈലറ്റുമാർ ജോലി ചെയ്യുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ഏറ്റവുമധികം വനിതാ പൈലറ്റുമാരെ സൃഷ്‌ടിക്കുന്ന രാജ്യങ്ങളിലൊന്നും ഇന്ത്യ തന്നെ. ആഗോളതലത്തിൽ 12.4 ശതമാനമാണ് ഇന്ത്യൻ വനിതാ പൈലറ്റുമാരുടെ സാന്നിദ്ധ്യം. അമേരിക്കയുടെത് 5.5 ശതമാനവും ഇംഗ്ളണ്ടിന്റെത് 4.7 ശതമാനവും മാത്രമാണെന്ന് അറിയുക.

ഇതെങ്ങനെ സാധിക്കുന്നു? പെൺകരുത്ത് എന്നൊക്കെ നമ്മൾ പറയാറില്ലേ? അക്ഷരംപ്രതി അതുതന്നെയാണ് ഈ ചോദ്യത്തിന്റെ ഉത്തരവും. കൗതുകകരമായ ഒരു വസ്‌തുത എന്തെന്നാൽ, സ്ത്രീകൾ പൈലറ്റുമാരായിട്ടുള്ള യാത്രകളിൽ അപകടങ്ങൾ വളരെ കുറവാണ് എന്നതാണ് ഇതുവരെയുള്ള ചരിത്രം. കുടുംബത്തിൽ നിന്നുള്ള പിന്തുണയും സ്ത്രീകളെ ഈ കരിയർ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു.

എൻ സി സി അടക്കമുള്ള പ്രോഗ്രാമുകളിൽ നിന്ന് ലഭിക്കുന്ന പരിശീലനം ബാല്യകാലത്തു തന്നെ വ്യോമമേഖലയിലേക്ക് പെൺകുട്ടികളെ ആകർഷിക്കുന്നുണ്ട്. മൈക്രോ എയർക്രാഫ്‌റ്റുകളിലടക്കമാണ് പരിശീലനം നൽകുക. ഇതവരുടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്കുള്ള പ്രയാണത്തിന് വേഗത പകരുന്നു. മാത്രമല്ല, രാജ്യത്തെ പ്രധാന വാഹനനിർമ്മാതാക്കളായ ഹോണ്ട മോട്ടോർ കോർപ്പറേഷൻ, മിടുക്കരായ വിദ്യാർത്ഥികൾക്ക് പൈലറ്റ് പഠനത്തിനാവശ്യമുള്ള മുഴുവൻ തുകയും സ്കോളർഷിപ്പായി നൽകുന്നുണ്ട്.

ഇന്ത്യയിലെ പല വിമാനക്കമ്പനികളും ആകർഷകമായ സേതന വേതന വ്യവസ്ഥകളാണ് പൈലറ്റുമാർക്ക് നൽകുന്നത്; പ്രത്യേകിച്ച് വനിതാ പൈലറ്റുകൾക്ക്. ഗർഭാവസ്ഥയിൽ ഫ്ളയിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി നൽകുകയും, കുഞ്ഞിന് അഞ്ചു വയസ് തികയുന്നത് വരെ മാസത്തിൽ രണ്ടാഴ്‌ച അവധി നൽകുകയും ചെയ്യുന്നു. മെറ്റേർണിറ്റി ലീവിന് പുറമെയാണിത്. ഇൻഡിഗോ എയർലൈൻസാണ് ഇത്തരത്തിൽ ആനുകൂല്യങ്ങൾ നൽകുന്നത്. വിസ്താര ആറുമാസത്തെ പ്രസവാനന്തര അവധിയും, ക്രച്ചസ് അടക്കം വാങ്ങുന്നതിന് റീ ഇമ്പേഴ്‌സ്‌മെന്റുമാണ് അനുവദിക്കുന്നത്. ജീവനക്കാരുടെ സുരക്ഷയിലും എയർലൈൻ കമ്പനികൾ ശ്രദ്ധ പുലർത്താറുണ്ട്. ഫ്ളൈറ്റ് ലേറ്റ് ആകുന്ന സാഹചര്യങ്ങളിൽ താമസസ്ഥലത്ത് ഡ്രോപ്പ് സൗകര്യം ഇവർ ഏർപ്പെടുത്താറുണ്ട് അതും സുരക്ഷാ ജീവനക്കാരടക്കം.

ഇതുവരെയുള്ള പല പഠനങ്ങളും തെളിയിക്കുന്നത് പുരുഷന്മാരെക്കാൾ സുരക്ഷിതമായി വിമാനം പറത്തുന്നത് വനിതാ പൈലറ്റുമാരാണെന്നാണ്. ആത്മാർത്ഥതയിലും ഒരുപടി മുന്നിൽ സ്ത്രീകളാണെന്ന് ഈ രംഗത്തെ പരിശീലകർ പറയുന്നു. മിടുക്കരായ പുരുഷ പൈലറ്റുമാരെ തള്ളിപ്പറയുന്നതല്ല, അവർക്കൊപ്പമോ അല്ലെങ്കിൽ അവർക്ക് മുകളിലോ നമ്മുടെ ഇന്ത്യൻ വനിതകൾ ആകാശം കീഴടക്കുന്നുവെന്നത് എല്ലാവർക്കും ഒരുപോലെ അഭിമാനമേകുന്ന കാര്യമാണെന്നതിൽ രണ്ടഭിപ്രായമില്ല.

Advertisement
Advertisement