അദ്ധ്യാപകർക്കിത് പിടിപ്പത് 'പണി'ക്കാലം

Wednesday 10 August 2022 11:13 PM IST

കൊച്ചി: പിടിപ്പത് പണിയുടെ തിരക്കിലാണ് ഹയർസെക്കൻഡറി അദ്ധ്യാപകർ. പ്ലസ് ടു സേ പരീക്ഷ, ഇംപ്രൂവ്മെന്റ് മൂല്യനിർണയം, നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) സപ്തദിന റെസി‌ഡന്റ്സ് ക്യാമ്പ്, പ്ലസ് ടു അഡ്മിഷൻ എന്നിവ ഒന്നിനു പുറകേ ഒന്നായി എത്തും. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള തീയതിയെത്തിയതോടെ പ്രിൻസിപ്പൽമാരും അദ്ധ്യാപകരും ത്രിശങ്കുവിലാണ്.

ഇന്ന് പ്ലസ്ടു സേ, ഇംപ്രൂവ്മെന്റ് മൂല്യനിർണ്ണയം ആരംഭിക്കും. മൂന്ന് ദിവസത്തേക്കാണ് ഷെഡ്യൂളെങ്കിലും നീളാൻ സാദ്ധ്യതയുണ്ട്. എൻ.എസ്.എസ് ക്യാമ്പിലേക്ക് പ്രതിദിനം രണ്ട് അദ്ധ്യാപകർ ഡ്യൂട്ടിയിലുണ്ടാകണം. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലമുള്ള ദുരിതം തുടരുന്നതിനിടെയാണ് ആറാം തീയതി ക്യാമ്പ് നടത്തണമെന്ന ഉത്തരവെത്തിയത്. സ്കൂളുകൾക്ക് അതത് യൂണിറ്റ് തലത്തിൽ ക്യാമ്പുകൾ നടത്തണം. എന്നാൽ പല സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുകയാണ്. ഈ ക്യാമ്പുകളിൽ ഉൾപ്പെടെ ഭക്ഷണം തയ്യാറാക്കുന്നതും പ്രതിസന്ധിയിലാണ്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ എങ്ങനെ എൻ.എസ്.എസ് ക്യാമ്പ് നടത്തുമെന്നതും പ്രശ്നമാണ്. ഹൈസ്കൂൾ ക്ലാസുകൾ നടക്കുമ്പോൾ കഞ്ഞിപ്പുര ക്യാമ്പിനായി ഉപയോഗിക്കാനും ബുദ്ധിമുട്ടാകും.

പ്ലസ് വൺ ഏകജാലക പ്രവേശന നടപടികൾ ഈ മാസം അവസാനിക്കേണ്ടിയിരുന്നത് സെപ്തംബർ വരെ നീളും. ഒന്നാംഘട്ട അലോട്ട്മെന്റ് നടപടികൾ ഇന്ന് അവസാനിക്കും. രണ്ടും മൂന്നുംഘട്ട അലോട്ട്‌മെന്റുകളും സ്‌കൂൾ, കോംബിനേഷൻ ട്രാൻസ്ഫർ, സ്‌കൂളുകളുടെ വേക്കൻസി റിപ്പോർട്ടിംഗ് എന്നിവ നടക്കണം. ശേഷം സപ്ലിമെന്ററി അലോട്ട്മെന്റുകളും നടക്കും.

വലിയ സമ്മർദ്ദം

രണ്ടാംവർഷ പരീക്ഷകൾ നടന്നതിനാൽ ഏപ്രിൽ മുതൽ മേയ് വരെ അദ്ധ്യാപകർ ഡ്യൂട്ടിയിലുണ്ടായിരുന്നു. ശേഷം ജൂണിൽ ക്ലാസുകളും മൂല്യനിർണ്ണയവും ആരംഭിച്ചു. മൂല്യനിർണ്ണയ ഡ്യൂട്ടി ഇല്ലാത്ത അദ്ധ്യാപകരെ വച്ചാണ് ക്ലാസുകൾ എടുത്തത്. പല സ്കൂളുകളിലും വിരമിച്ച അദ്ധ്യാപകർക്ക് പകരം അദ്ധ്യാപകരെ നിയമിക്കുകയോ താത്കാലിക അദ്ധ്യാപക നിയമനം നടത്തുകയോ ചെയ്തിട്ടില്ല. അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ അദാലത്തി​ൽ ഏതാണ്ട് മുഴുവൻ ഫയലുകളും തിരിച്ചയച്ചു. ഒപ്പം പരീക്ഷകൾ കൃത്യസമയത്ത് നടത്തുമെന്ന അറിയിപ്പും വന്നു. ഇതിനിടയിലാണ് എൻ.എസ്.എസ് ക്യാമ്പ്.

"ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാം മുറപോലെ പ്രവർത്തനങ്ങൾ നടക്കും. അദ്ധ്യയന വർഷം മുടക്കം വരാതെ ക്രമീകരിക്കും."

വി. ശിവൻകുട്ടി

വിദ്യാഭ്യാസ മന്ത്രി

"എല്ലാ കാര്യങ്ങളും ചെയ്ത് തീർക്കേണ്ട ഘട്ടമാണിത്. ആഗസ്റ്റ് കഴിയുമ്പോൾ മേളകൾ വരും. മുമ്പേ പ്രവൃത്തികൾ തീർത്തില്ലെങ്കിൽ വിദ്യാ‌ർത്ഥികൾക്ക് ക്ലാസ് നഷ്ടമാകും."

ജീവൻ ബാബു

ഡയറക്ടർ

പൊതുവിദ്യാഭ്യാസ വകുപ്പ്

"എൻ.എസ്.എസ് ക്യാമ്പ് ഇപ്പോൾ നടത്തുന്നത് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കും."

എസ്. മനോജ്

ജനറൽ സെക്രട്ടറി

എ.എച്ച്.എസ്.എസ്.ടി.എ

Advertisement
Advertisement