മധു വധക്കേസ്: 11 പ്രതികളുടെ ജാമ്യം റദ്ദാക്കണം

Wednesday 10 August 2022 12:00 AM IST

കൊച്ചി:അട്ടപ്പാടി മധു വധക്കേസിലെ പ്രതികൾ നിരന്തരം സാക്ഷികളെ ബന്ധപ്പെട്ടിരുന്നതായി തെളിവുകൾ. ഇക്കാര്യങ്ങൾ വിശദീകരിച്ച് 16 പ്രതികളിൽ 11 പേരുടെ ജാമ്യംറദ്ദാക്കാൻ പ്രോസിക്യൂഷൻ മണ്ണാർക്കാട്ടെ വിചാരണക്കോടതിയിൽ അപേക്ഷനൽകി. 17 സാക്ഷികൾ കൂറുമാറിയ സാഹചര്യത്തിൽ പ്രോസിക്യൂഷന്റെ നിർദ്ദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ പ്രതികൾ സാക്ഷികളെ ടെലിഫോണിലൂടെയും ഇ മെയിലിലൂടെയും ബന്ധപ്പെട്ടതിനുള്ള തെളിവുകൾ ലഭിച്ചത്. കൂടുതൽ സാക്ഷികൾ കൂറുമാറുന്നത് തടയാൻ പ്രതികളുടെ ജാമ്യംറദ്ദാക്കണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. 16 പ്രതികളും ജാമ്യത്തിലാണ്. ഇവരിൽ മരയ്ക്കാർ, ഷംസുദ്ദീൻ, അനീഷ്, രാധാകൃഷ്‌ണൻ, അബൂബക്കർ, സിദ്ദിഖ്, നജീബ്, ജെയ്‌ജുമോൻ, അബ്ദുൾ കരീം, സജീവ്, ബിജു എന്നിവരുടെ ജാമ്യംറദ്ദാക്കാനാണ് ആവശ്യപ്പെടുന്നത്.

2018 ഫെബ്രുവരി 22 നാണ് ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയത്.പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോൾ സാക്ഷികളെ സ്വാധീനിക്കരുതെന്ന് വ്യവസ്ഥ വച്ചിരുന്നു. ഇത് 11 പ്രതികൾ ലംഘിച്ചെന്നും രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനശക്തിയുള്ളവരാണ് പ്രതികളെന്നും പ്രോസിക്യൂഷന്റെ അപേക്ഷയിൽ പറയുന്നു.

Advertisement
Advertisement