മരം ശ്വാസം വിടുന്നത് കണ്ടിട്ടുണ്ടോ,​ അവിശ്വസനീയ വീഡിയോ പങ്കുവച്ച് പരിസ്ഥിതി പ്രവർത്തകർ

Tuesday 09 August 2022 9:43 PM IST

സോഷ്യൽ മീഡിയയിൽ നിരവധി വിചിത്രവും രസകരവുമായ വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെയുള്ള പല വീഡിയോകളും പെട്ടെന്ന് വൈറലാകാറുണ്ട്. അത്തരത്തിൽ അവിശ്വസനീയമായ ഒരു വീഡിയോയെക്കുറിച്ചാണ് സോഷൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.

ശ്വസിക്കുന്ന മരത്തെക്കുറിച്ചുള്ള വീഡിയോ ആണിത്. കേൾക്കുമ്പോൾ ആരും വിശ്വസിക്കില്ലെങ്കിലും സംഗതി ശരിക്കും വീഡിയോയിൽ കാണാൻ സാധിക്കും. പരിസ്ഥിതി വിഷയങ്ങളിൽ തത്‌പരരായ ആളുകളാണ് ഈ വീഡിയോ അധികവും കാണുന്നതും പങ്കുവയ്ക്കുന്നതും.

വലുപ്പമുള്ളൊരു മരത്തിന്റെ വീഡിയോ ആണിത്. ഇതിന്റെ നടുഭാഗത്തായി ഒരു വിള്ളൽ ഉണ്ട്. മനുഷ്യർ ശ്വസിക്കുമ്പോലെ ഈ വിള്ളൽ അടച്ചും തുറന്നും മരം ശ്വാസമെടുക്കുകയും പുറത്തുവിടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. കാനഡയിലെ കാലഗറിയിൽ നിന്നാണ് ദൃശ്യം പകർത്തിയിരിക്കുന്നത്.

കനത്ത മഴയെയും കാറ്റിനെയും തുടർന്ന് മരത്തിൽ വിള്ളൽ വീഴുകയും കാറ്റ് വീശുമ്പോൾ ഈ വിള്ളൽ തുറന്നുവരികയും അടഞ്ഞുപോവുകയും ചെയ്യുന്നതോടെ മരം ശ്വസിക്കുന്നതായി അനുഭവമുണ്ടാവുകയുമാണ് ചെയ്തിരിക്കുന്നത്.' വൈറൽ ഹോഗ്' പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേർ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. നേരത്തേയും ശ്വസിക്കുന്ന മരം എന്ന പേരിൽ വീഡിയോകൾ വന്നിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങളാണ് ഇത്തരം പ്രതിഭാസങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.