എറണാകുളം - തൃശൂർ ദേശീയപാതയിൽ തട്ടിക്കൂട്ട് കുഴിയടയ്ക്കൽ; ഉപയോഗിക്കുന്നത് റെഡിമിക്സ് മിശ്രിതവും മൺവെട്ടിയും മാത്രം
കൊച്ചി: ഹൈക്കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ അങ്കമാലി - മണ്ണുത്തി ദേശീയപാതയിൽ ചാക്കുകളിലെത്തിച്ച ടാറിട്ട ശേഷം മൺവെട്ടിക്ക് ഇടിച്ചുറപ്പിച്ച് തട്ടിക്കൂട്ട് കുഴിയടക്കൽ. പായ്‌ക്കറ്റിൽ ലഭിക്കുന്ന മെറ്റലും മണലും ടാറും ചേർന്ന റെഡിമിക്‌സാണ് കുഴിയടക്കാനെത്തിച്ചത്. കുഴികളിൽ റെഡിമിക്‌സ് കൈകോട്ട് കൊണ്ട് നിരത്തി മുകളിൽ ന്യൂസ് പേപ്പർ നിരത്തുകയായിരുന്നു. ഏറെക്കാലമായി കരാർ കമ്പനി നടത്തുന്ന കുഴിയടയ്ക്കലാണിത്.
കരാർ കമ്പനിയുടെ ഉദ്യോഗസ്ഥരുടെയോ ഉത്തരവാദിത്തപ്പെട്ടവരുടെയോ മേൽനോട്ടത്തിനില്ലാതെ അന്യസംസ്ഥാന തൊഴിലാളികളാണ് ജോലിക്കെത്തിയത്. റെഡിമിക്‌സ് പലപ്പോഴും രണ്ട് ദിവസത്തിനകം ഇളകിത്തുടങ്ങും. ഇളകുന്ന മിക്‌സിലുള്ള മണലിലും മെറ്റലിലും കയറി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാനും സാദ്ധ്യതയുണ്ട്.
നിരന്തരം അപകടമുണ്ടാകുന്ന ഇവിടെ ഇത്തരത്തിലുള്ള അറ്റകുറ്റപ്പണി കൊണ്ട് കാര്യമില്ലെന്നാണ് യാത്രക്കാർ പറയുന്നത്. നെടുമ്പാശ്ശേരിയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചതിന് പിന്നാലെ ചാലക്കുടി എം.എൽ.എയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പാലിയേക്കര ടോൾപ്ലാസ കമ്പനി ഓഫീസിന് മുന്നിൽ ഉപരോധം നടത്തിയിരുന്നു.