@ ഇതുവരെ പിറന്നത് 153 കുരുന്നുകൾ മക്കളില്ലാത്തവർക്ക് പ്രതീക്ഷയായി ജനനി

Wednesday 10 August 2022 12:38 AM IST
janani

കോഴിക്കോട്: വന്ധ്യതാചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവഴിക്കുന്നവർക്ക് വലിയ ആശ്വാസമാണ്

സംസ്ഥാന സർക്കാരിന്റെ ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കുന്ന 'ജനനി പദ്ധതി'. 2019 സെപ്റ്റംബർ മുതൽ ഇ‌തുവരെ ജനനിയിൽ പിറന്നത് 153 കുരുന്നുകൾ. 225 പേർ ഗ‌ർഭിണികളായി. ഇതുവരെ രജിസ്റ്റർ ചെയ്ത 2030 പേരിൽ 1877 പേർ ചികിത്സയുടെ വിവിധഘട്ടങ്ങളിലാണ്. കോഴിക്കോട് എരഞ്ഞിക്കൽ കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ മാത്രമാണ് നിലവിൽ ജനനി വഴി ചികിത്സ നൽകുന്നത്.

സ്വകാര്യമേഖലയിൽ ഐ.വി.എഫ് പോലുള്ള ചെലവേറിയ ചികിത്സ നടത്തി പ്രതീക്ഷയറ്റവരും അവസാന ശ്രമമെന്ന നിലയിൽ ഇവിടെയെത്തുന്നുണ്ട്. വലിയ ചികിത്സകൾ നടത്താൻ വഴിയില്ലാത്ത ദമ്പതികൾക്ക് ജനനി പ്രതീക്ഷ കൂടിയാണ്. ഒരാൾക്ക് 20 രൂപയാണ് ഫീസ്. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ രണ്ട് വരെയാണ് ചികിത്സ. രണ്ട് ഒ.പികളിലായി 5 ഡോക്ടർമാരുടെ സേവനമാണ് ഇവിടെ നൽകുക. ദമ്പതികളിൽ ആവശ്യമെങ്കിൽ കൗൺസിസിംഗിന് സൈക്കോളജിസ്റ്റ് സേവനവും ഇവിടെ നൽകുന്നു.

2012 ലാണ് സ്ത്രീകളുടെ മാനസികാരോഗ്യചികിത്സയ്ക്കായി ആരംഭിച്ച സീതാലയം പദ്ധതിയുടെ ഭാഗമായി വന്ധ്യതാ നിവാരണ ക്ലിനിക്കിന്റെ തുടക്കം. 2019ൽ വിപുലപ്പെടുത്തി ജനനി ഹോമിയോപ്പതി വന്ധ്യതാചികിത്സാ പദ്ധതി ആയി. പ്രാഥമിക ടെസ്റ്റുകൾക്കുള്ള സൗകര്യം മാത്രമാണ് നിലവിൽ ഇവിടെയുള്ളത് എന്ന ന്യൂനതയുണ്ടെങ്കിലും എല്ലാം കൊണ്ടും ചെലവ് കുറവും ഫലപ്രദവുമാണ് ഇവിടത്തെ ചികിത്സ. ആശുപത്രിയും സൗകര്യങ്ങളും ഉടൻ വിപുലീകരിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യാം: 0495 246 2110

# രജിസ്റ്റർ ചെയ്തത്- 2030

# ജനനി വഴിയുണ്ടായ കുട്ടികൾ - 153

# ഗർഭിണികൾ- 225

# ചികിത്സ നടത്തുന്നവർ - 1877

@ കുട്ടികളില്ലാത്ത ദമ്പതിമാർക്ക് ഒരാശ്രയമെന്ന നിലയിൽ ആരംഭിച്ച പദ്ധതിയാണിത്. ധാരാളം ദമ്പതികൾക്ക് ഇതിലൂടെ കുഞ്ഞുങ്ങളായി. വളരെ കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഈ ചികിത്സ കൂടുതൽപേർ ഉപയോഗപ്പെടുത്തണം. ജില്ലാ പഞ്ചായത്ത് എല്ലാവിധ സഹായങ്ങളും പദ്ധതിയ്ക്ക് നൽകുന്നുണ്ട്.

കവിത പുരുഷോത്തമൻ,

ഡി.എം.ഒ,

ഹോമിയോപ്പതി, കോഴിക്കോട്.