ലോക്സഭാ തിരഞ്ഞെടുപ്പ് : മുന്നൊരുക്കത്തിന് സി.പി.എം

Wednesday 10 August 2022 12:59 AM IST

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിൽ പിണറായി സർക്കാരിന്റെ ഭരണ മികവും ജനക്ഷേമ പ്രവർത്തനങ്ങളും മുഖ്യപ്രചാരണായുധമാക്കാൻ സി.പി.എം. ഇന്നു മുതൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂപം നൽകിയ സംഘടനാ തന്ത്രങ്ങളാവും പ്രധാനമായും ചർച്ചയാവുക.

കേന്ദ്രത്തിൽ അധികാരം കൈയ്യാളുന്ന ബി.ജെ.പിയും രാഷ്ട്രീയ പ്രതാപം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസും ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തുന്ന നീക്കങ്ങളും സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. സംസ്ഥാനത്ത് ഇടത് സർക്കാരിന്റെ ഭരണ നേട്ടങ്ങൾ മുൻനിറുത്തിയുള്ള പ്രചാരണത്തിന് പാർട്ടിയെ സജ്ജമാക്കാൻ പലതട്ടിലുള്ള പരിപാടികൾക്ക് രൂപം നൽകും.ബി.ജെ.പി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിക്കേണ്ട രാഷ്ട്രീയ പ്രചാരണങ്ങളും സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും. സെപ്റ്റംബർ 14 മുതൽ 24 വരെ . ജില്ലകൾ കേന്ദ്രീകരിച്ചു നടക്കുന്ന പരിപാടികൾ തലസ്ഥാനത്ത് വലിയ സമ്മേളനത്തോടെ സമാപിക്കും.
ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതോടെ തിരുവനന്തപുരം ജില്ലയ്ക്ക് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച തീരുമാനവും സംസ്ഥാന സമിതി യോഗം അവസാനിക്കുന്ന വെള്ളിയാഴ്ച ഉണ്ടായേക്കും. തൽക്കാലം നാഗപ്പൻ തുടരെട്ടയെന്ന അഭിപ്രായം നേതൃത്വത്തിനുണ്ടെങ്കിലും, തലസ്ഥാന ജില്ലയിൽ ശക്തനായ ഒരാൾ സെക്രട്ടറി ചുമതലയിലേക്ക് എത്തണമെന്ന അഭിപ്രായവുമുണ്ട്.