എൻ.എസ്.എസ് ഫ്രീഡം വാൾ
Wednesday 10 August 2022 1:07 AM IST
തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്‌കീമും (എൻ.എസ്.എസ്) സംയുക്തമായി ഫ്രീഡം വാൾ സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ 65 കോളേജുകളിൽ സ്വാതന്ത്ര്യ സമര ചരിത്രവും തദ്ദേശീയ സാംസ്‌കാരിക പൈതൃകവും ആലേഖനം ചെയ്യുന്ന ചുമർ ചിത്രങ്ങൾ ഒരുക്കുന്ന പദ്ധതിയാണിത്. തിരുവനന്തപുരം ഗവൺമെന്റ് സംസ്‌കൃത കോളേജിൽ 20,000 അടിയോളം വിസ്തൃതിയിൽ വരയ്ക്കുന്ന ചിത്രമാണ് ഇതിൽ വലുപ്പമേറിയത്.പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് സംസ്‌കൃത കോളേജിൽ മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും.കോളേജുകളുടെ കവാടങ്ങളിലും,മറ്റു പ്രധാന കെട്ടിടങ്ങളിലെ ചുവരുകളിലുമാണ് ചിത്രങ്ങൾ വരയ്ക്കുന്നത്.ഈ മാസം 15ഓടെ ഫ്രീഡം വാൾ പൂർത്തിയാക്കുമെന്നും സംഘാടകർ അറിയിച്ചു.