പള്ളിഭൂമി കേസിൽ ബത്തേരി രൂപത സുപ്രീം കോടതിയിൽ; റോസ്റ്റർ മാറിയിട്ടും ജഡ്ജി നടപടി എടുക്കുന്നു

Wednesday 10 August 2022 1:13 AM IST

ന്യൂഡൽഹി:പള്ളികളുടെ ഭൂമിയും ആസ്തിയും സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ കേരള ഹൈക്കോടതിയിൽ വിധി പറഞ്ഞ ജഡ്ജി റോസ്റ്റർ മാറിയിട്ടും തുടർ നടപടികൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് സീറോ മലങ്കര സഭയുടെ ബത്തേരി രൂപത സുപ്രീം കോടതിയെ സമീപിച്ചു.

പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.

ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരുടെ ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും.

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിലെ 17 മുതൽ 39 വരെയുള്ള ഖണ്ഡികകൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സീറോ മലബാർ സഭയുടെ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജിയിൽ കേസ് റദ്ദാക്കാനാകില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു.

കേസിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് കോടതി നിലപാട് ആരാഞ്ഞിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപതയും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ബത്തേരി രൂപതയുടെ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ് അയക്കുകയും രണ്ടും ഒരുമിച്ച് പരിഗണിക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ച ജഡ്ജി തുടർ നടപടി സ്വീകരിക്കുന്നതായി ആരോപിച്ച് ബത്തേരി രൂപത സുപ്രീം കോടതിയെ സമീപിച്ചത്.

Advertisement
Advertisement