ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നുതന്നെ; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.15 അടിയായി കുറഞ്ഞു

Wednesday 10 August 2022 6:52 AM IST

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നില്ല. 2387.38 അടിയാണ് നിലവിലെ ജലനിരപ്പ്. സെക്കൻഡിൽ മൂന്നരലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. അണക്കെട്ടിൽ നിന്ന് വലിയ തോതിൽ വെള്ളമെത്തിയതിനെത്തുടർന്ന് തടിയമ്പാട് ചപ്പാത്ത് മേഖല വെള്ളത്തിനടിയിലാണ്. ഈ സാഹചര്യത്തിൽ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിൽ വ്യത്യാസം വരുത്തണോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവുണ്ടായി. നിലവിൽ 139.15 അടിയാണ് ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമിലെ നീരൊഴുക്ക് കുറഞ്ഞു. പതിമൂന്ന് ഷട്ടറുകൾ തൊണ്ണൂറ് സെന്റീമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ പതിനായിരം ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. 85 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. 140 പേരാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്.

പെരിയാർ തീരത്ത് ജാഗ്രത

ഇടമലയാർ ഡാം തുറന്നതോടെ പെരിയാർ തീരത്ത് ജാഗ്രത. മഴ മാറിനിൽക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മുൻകരുതൽ നടപടികളെടുക്കാൻ വിവിധ വകുപ്പുകൾക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

വാളയാർ ഡാം ഇന്ന് തുറക്കും

വാളയാർ ഡാം തുറക്കുന്നതിനാൽ കൽപ്പാത്തി പുഴയിലെ ജലനിരപ്പ് ഉയരും. തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.