മോഷണത്തിന് മുൻപ് ദേവിയോട് കൈക്കൂപ്പി മാപ്പ് ചോദിച്ച് കള്ളൻ, പിന്നാലെ ഭണ്ഡാരപ്പെട്ടിയുമെടുത്ത് കടന്നു, വീഡിയോ

Wednesday 10 August 2022 11:27 AM IST

ഭോപ്പാൽ: ക്ഷേത്രത്തിനുള്ളിൽ മോഷണത്തിനെത്തിയ ഒരു കള്ളന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ക്ഷേത്രത്തിന് അകത്തേക്ക് കടന്ന കള്ളൻ ആദ്യം ദേവീപ്രതിഷ്ഠയെ തൊഴുത് വണങ്ങിയതിന് ശേഷമാണ് ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തുന്നത്. ഓഗസ്റ്റ് അഞ്ചിന് മദ്ധ്യപ്രദേശിലെ ജബൽപൂരിൽ ലക്ഷീദേവി ക്ഷേത്രത്തിൽ നടന്ന സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഷർട്ട് ധരിക്കാതെ മുഖം മറച്ചെത്തിയ കള്ളൻ കടന്നുവന്നയുടൻ തന്നെ പ്രതിഷ്ഠയെ നോക്കി തൊഴുത് കുറച്ച് നേരം പ്രാർത്ഥിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് നേർച്ചപ്പെട്ടിയും രണ്ട് അമ്പലമണികളുമടക്കം കടത്തിക്കൊണ്ടു പോവുകയും ചെയ്തു.

മോഷണം നടത്തിയയാൾ ഒളിവിലാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.